ക്ഷേമപെന്‍ഷന്‍ സി.പി.എം രാഷ്ട്രീയവത്കരിച്ചെന്ന്; പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്ത്
ആലപ്പുഴ: സഹകരണ ബാങ്കുകള്‍ വഴിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം സി.പി.എം രാഷ്ട്രീയവത്ക്കരിച്ചെന്ന് ആരോപണം. പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. ക്ഷേമപെന്‍ഷനുകള്‍ കുടിശിക അടക്കം ഓണ സമ്മാനമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സഹകരണ ബാങ്കുകള്‍ മുഖേനയാണ് പെന്‍ഷന്‍ വിതരണം നടത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചു.
സഹകരണ സംഘത്തിന്റെ പരിധിയിലുള്ള പെന്‍ഷന്‍ ഉപഭോക്താക്കളുടെ എണ്ണം തിട്ടപ്പെടുത്തിയ ശേഷം സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഇതനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് പണം ലഭ്യമാകുകയും ചെയ്തു. സഹകരണ സംഘങ്ങളിലെ ബില്‍ കലക്ടര്‍മാര്‍ക്കാണ് പണം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള ചുമതല നല്‍കിയിരുന്നത്. ചിലയിടങ്ങളില്‍ കുടുംബശ്രീയ്ക്കും ചുമതല നല്‍കി.
എന്നാല്‍ പെന്‍ഷന്‍ വിതരണം സി.പി.എം രാഷ്ട്രീയ വത്ക്കരിച്ചതായാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആരോപണം.
പലയിടങ്ങളിലും വാര്‍ഡ് തലങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പെന്‍ഷന്‍ വിതരണോദ്ഘാടനം അടക്കം സംഘടിപ്പിച്ചതും രാഷ്ട്രീയ വത്ക്കരണത്തിന്റെ ഉദാഹരണമായി പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ബില്‍ കലക്ടര്‍മാരോടൊപ്പം സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ എത്തിയാണ് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്തത്. ചില പ്രദേശങ്ങളില്‍ സി.പി.എം നേതാക്കളുടെ വീടുകളിലേക്ക് വിളിച്ചു വരുത്തി പെന്‍ഷന്‍ നല്‍കിയതായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആലപ്പുഴ നഗരസഭയില്‍ ബി.ജെ.പിയ്ക്ക് കൗണ്‍സിലര്‍ ഉള്ള വാര്‍ഡില്‍ സഹകരണ സംഘം ജീവനക്കാരുടെ കൂടെ സി.പി.എം പ്രദേശിക നേതാക്കള്‍ പെന്‍ഷന്‍ വിതരണത്തിനിറങ്ങി. ഇതു ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്ത സംഭവവും ഉണ്ടായി.
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സി.പി.എമ്മിന്റെ പേരിലാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. സി.പി.എം നീക്കത്തിനെതിരേ എല്‍.ഡി.എഫില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."