പേരൂര്‍ നിവാസികള്‍ കാത്തിരിക്കുന്നു കരിമ്പന പാലത്തിന്റെ ശാപമോക്ഷത്തിനായി
ഏറ്റുമാനൂര്‍ : ചൊവ്വാഴ്ച രാത്രിയുണ്ടായ കാറപകടത്തിന്റെ ഞെട്ടലില്‍ നിന്നു പേരൂര്‍ നിവാസികള്‍ ഇനിയും മോചിതരായില്ല. അപകടത്തിന് വഴി തെളിച്ച അധികൃതരുടെ നിലപാടിന് ഇനിയെങ്കിലും മാറ്റമുണ്ടാകും എന്ന വിശ്വാസത്തിലാണ് അവര്‍. അപകടാവസ്ഥയിലെത്തിയ പാലം നന്നാക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് നേരെ അധികാരികള്‍ കണ്ണടയ്ക്കാതിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ഒരു ജീവന്‍ ഇവിടെ പൊലിയില്ലായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണു വീതികുറഞ്ഞ് കൈവരികള്‍ തകര്‍ന്ന പാലത്തില്‍ നിന്നു കാര്‍ ഇരുപതോളം അടി താഴ്ചയില്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് കായംകുളം സ്വദേശി അരുണ്‍ (28) എന്ന യുവാവ് മരിച്ചത്. കായംകുളത്തുനിന്നും എറണാകുളത്തേയ്ക്കുള്ള യാത്രാമധ്യേയാണ് പാലത്തിന് മുമ്പുള്ള ബമ്പില്‍ കയറിയ കാര്‍ നിയന്ത്രണം വിട്ടതും എതിരേ പാലം കടന്നു വന്ന ബൈക്കിലിടിച്ച ശേഷം തോട്ടിലേക്ക് കൂപ്പുകുത്തിയതും. അപകടത്തില്‍ ബൈക്ക് യാത്രികരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ വെച്ചൂര്‍ കവലയ്ക്കും പുളിമൂട് ജങ്ഷനും മധ്യേ പേരൂര്‍ വില്ലേജ് ഓഫിസിനടുത്താണ് അപകടക്കെണിയോരുക്കി പാലം സ്ഥിതി ചെയ്യുന്നത്. പേരൂര്‍ പാടത്തേയും തെള്ളകം പാടത്തേയും യോജിപ്പിക്കുന്ന തോടിന് കുറുകെയാണ് പാലം. നൂറ്റാണ്ടുകളായി നാട്ടുകാരുടെ ആവശ്യമാണ് പാലത്തിന്റെ നവീകരണം. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കോട്ടയം ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷ നേടാനായി സ്ഥിരമായി ആശ്രയിക്കുന്ന റോഡ് കൂടിയായിട്ടും പാലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനായില്ല.
പേരൂരിലെ നാല് സ്‌കൂളുകളിലെ കുട്ടികള്‍ കാല്‍നടയായി സഞ്ചരിക്കുന്ന പാലത്തിലൂടെ ഒരു വാഹനം കഷ്ടിച്ചാണു കടന്നുപോകുന്നത്. ഇരുവശത്തുമുള്ള അപ്രോച്ച് റോഡില്‍ നിന്ന് പാലത്തിലേക്ക് കയറുന്നിടത്ത് കൈവരികളോ മതില്‍കെട്ടോ ഇല്ല. പല തവണ അപകടങ്ങള്‍ ഉണ്ടായിട്ടും ഭാഗ്യം കൊണ്ടു മാത്രമാണ് തോട്ടിലേയ്ക്ക് മറിയാതെ രക്ഷപെട്ടിരുന്നത്. അവസാനം പരിസരവാസികള്‍ വീപ്പകള്‍ നിരത്തിവെച്ചും കമ്പുകള്‍ നാട്ടി കൈവരികളുണ്ടാക്കിയും അപകടമുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ രാത്രികാലങ്ങളില്‍ ഇതും പ്രയോജനപ്പെടാതെ വരികയായിരുന്നു.
പതിനഞ്ചിലധികം ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ട് കൂടിയാണിത്.
പൂവത്തുംമൂട് പാലം പൂര്‍ത്തിയായ ശേഷം കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും തിരുവല്ല ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ കോട്ടയത്തെ തിരക്കൊഴിവാക്കുവാന്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ പെട്ടവരാരും നാട്ടുകാരായിരുന്നില്ല. മഴക്കാലമല്ലാതിരുന്നതിനാലും തോട്ടില്‍ വെള്ളം കുറവായിരുന്നതിനാലുമാണ് കൂടുതല്‍ ജീവഹാനി ഉണ്ടാകാതിരുന്നത്. ഇനിയെങ്കിലും പാലത്തിന് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."