ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കും
പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള പ്രധാന ഇടത്താവളങ്ങളില്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യമൊരുക്കും. കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.
പൊലിസ് എയ്ഡ് പോസ്റ്റ്, തീര്‍ഥാടകര്‍ക്ക് അറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം എന്നിവ ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുക. ഇതിലൂടെ സന്നിധാനത്തെ അമിത തിരക്ക് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിനാവും.
ശബരിമലയില്‍ 35 സ്ഥലത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കും. ശരംകുത്തി, നിലയ്ക്കല്‍ ഹില്‍ടോപ്പ് എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യത്തിനായി ഹെലിപ്പാഡ് നിര്‍മിക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയതായി ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ഉപകരണങ്ങളുടെ ഓഡിറ്റ് പൊലിസ് പൂര്‍ത്തിയാക്കി. കേടായ ഉപകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് നന്നാക്കി ഒക്ടോബര്‍ 30 ന് മുമ്പ് പൊലിസിന് കൈമാറണം. ശബരിമല പാതയുടെ വിവിധ സ്ഥലങ്ങളിലുള്ള കുളിക്കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം.
ഐ.എല്‍.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഉടന്‍ സുരക്ഷാ യാത്ര നടത്തും. രോഗബാധിതരായ തീര്‍ഥാടകര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാന്‍ ആള്‍ ടെറയിന്‍ ആംബുലന്‍സിന്റെ സേവനം പ്രയോജനപ്പെടുത്തും.
ചരല്‍മേട്, കരിമല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ആവശ്യമാണെന്ന് ഡെപ്യുട്ടി ഡി.എം.ഒ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് ശബരിമല ടീം ഉണ്ടാവും. എല്ലാ സൗകര്യങ്ങളോടെയുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കും.
യോഗത്തില്‍ എ.ഡി.എം സി. സജീവ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ജി. ബാബു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."