പെന്‍ഷന്‍ വിതരണം നടപ്പാക്കിയില്ല; നഗരസഭയില്‍ കയ്യാങ്കളി
കോട്ടയം: ഓണത്തിന് മുന്‍പ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ കുടിശിഖ തീര്‍ത്ത് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി കോട്ടയം നഗരസഭയില്‍ നടപ്പാക്കത്തതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പെന്‍ഷന്‍ വിതരണം പൂര്‍ണമാവുമ്പോഴാണു നഗരസഭ ഇതുവരെ ആദ്യപടിയിലേക്ക് പോലും കടക്കാതെ ഇരിക്കുന്നത്.
സാങ്കേതിക കാരണം ചൂണ്ടികാട്ടി നഗരസഭ പദ്ധതി നടപ്പിലാക്കാതെ മുന്നോട്ടുപോകുന്നത്. പെന്‍ഷന്‍ വിതരണം സംബന്ധിച്ചുള്ള സര്‍വേ പോലും പൂര്‍ത്തിയാക്കാതെ സര്‍ക്കാരിനെ പഴി പറഞ്ഞു രാഷ്ട്രീയ പകപോക്കല്‍ നടത്താനാണു നഗരസഭയും ഭരണസമിതിയും ശ്രമിക്കുന്നതെന്നു പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതിനിടെ പെന്‍ഷന്‍ വിതരണം മോണിട്ടര്‍ ചെയ്യേണ്ട ആവശ്യം നഗരസഭയ്ക്കില്ലെന്നു ചെയര്‍പേഴ്‌സണ്‍ പ്രതിഷേധ നിലപാടു കൂടി എടുത്തതോടെ രംഗം വഷളായി.
പെന്‍ഷന്‍ നല്‍കാത്തിന്റെ പേരില്‍ പ്രശ്‌നം ഉണ്ടാക്കിയത് യുഡിഎഫല്ല, എല്‍.ഡി.എഫാണ്. സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുമെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അവരത് നല്‍കിക്കോളും എന്നുമായിരുന്നു ചെയര്‍പേഴ്‌സന്‍ യോഗത്തെ അറിയിച്ചത്. പെന്‍ഷന്‍ വിതരണം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടു മാസങ്ങള്‍ പിന്നിട്ടിരുന്നു. ഇതു സംബന്ധിച്ച് നഗരസഭയുടെ വിവിധ മേഖലകളിലെ സഹകരണ ബാങ്കുകള്‍ യോഗങ്ങളും സംബന്ധിച്ചു. ഇവയിലൊക്കെ നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയില്ലെന്ന മട്ടില്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാകുകയാണ് നഗരസഭാ അധികാരികള്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അര്‍ഹതയുള്ളവരുടെ പട്ടിക തയ്യാറാക്കല്‍ അടക്കം പെന്‍ഷന്‍ വിതരണത്തിനുള്ള പ്രാഥമിക നടപടികള്‍ പോലും നഗരസഭാ ഭരണസമിതി സ്വീകരിച്ചിരുന്നില്ല. ഇവ കുടുംബശ്രീയെ ഏല്‍പ്പിച്ചത് തങ്ങളെ അറിയിച്ചല്ലെന്നും ലിസ്റ്റ് തയ്യാറാക്കാന്‍ ഇനിയും സമയം വേണമെന്നും, പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ വാര്‍ഡ് തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കല്‍ താമസിക്കുമെന്നും ഒക്കെയുള്ള വാദമുയര്‍ത്തി പെന്‍ഷന്‍ വിതരണം തടസപ്പെടുത്താനാണു നഗരസഭ ആധികാരികളുടെ ശ്രമം. അതേസമയം നഗരസഭാ പരിധിയിലുള്ള വിവിധ സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ ഒരുക്കമാണെങ്കിലും അര്‍ഹതയുള്ള പെന്‍ഷന്‍കാരുടെ പട്ടിക നഗരസഭ ഇതുവരെ നല്‍കിയിട്ടില്ല.
9305 പെന്‍ഷന്‍കാരാണു നഗരസഭയുടെ പട്ടികയില്‍ ഉള്ളത്. ഐ.കെ.എം വഴി പട്ടികതയ്യാറാക്കി കുടുംബശ്രീകാര്‍ക്ക് നല്‍കി ശേഷം ഇവര്‍ നടത്തുന്ന സര്‍വേ അടിസ്ഥാനത്തിലാണു പെന്‍ഷനുകള്‍ വിതരണം ചെയ്യുക. എന്നാല്‍ ഇത് സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നതിനാല്‍ തങ്ങള്‍ക്ക് ഇതില്‍ ഒരു ഉത്തരവാദിത്തമില്ലെന്ന നിരുത്തരവാദിത്വപരമായ നിലപാടാണു നഗരസഭ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍പുണ്ടായിരുന്ന പോസ്‌റ്റോഫിസ് രീതിയില്‍ തരം തിരിച്ചു ഉണ്ടായിരുന്ന പട്ടിക പോലും കുടുംബശ്രീക്കാര്‍ക്കു നല്‍കാനോ യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല.
സര്‍വേ നടത്തി പട്ടിക തയ്യാറാക്കി നല്‍കാനുള്ള സമയപരിധി കഴിഞ്ഞിട്ടു പോലും പ്രശ്‌നത്തെ ലാഘവത്തോടെയാണ് ഇവര്‍ കാണുന്നത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണു സഹകരണ ബാങ്കുകളും ഗുണഭോക്താക്കളും. നഗരസഭയുടെ ഈ നിസഹകരണത്തിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയത്. അടിയന്തിരമായി പട്ടിക തയ്യാറാക്കി പെന്‍ഷന്‍ നല്‍കണമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിട്ടും ചെയര്‍പേഴ്‌സണ്‍ ഇതിന് തയ്യാറായില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
പ്രശ്‌നം ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിലേക്കും എത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ഡയസിന് മുമ്പിലേക്കെത്തി. ഇവരെ പ്രതിരോധിക്കാന്‍ ഭരണപക്ഷ അംഗങ്ങളും എത്തിയതോടെ ചെയര്‍പേഴ്‌സണ്‍ യോഗം അവസാനിപ്പിച്ച് മുറിയിലേക്ക് മടങ്ങി. ഇതോടെ പ്രതിപക്ഷം ചെയര്‍പേഴ്‌സന്റെ മുറി ഉപരോധിച്ചു. ഇവരെ തടയാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരും സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസും എത്തുന്നതിനിടയില്‍ യുവജനസംഘടനകള്‍ നഗരസഭ ഓഫിസിനു മുന്നിലെത്തി ഉപരോധം ആരംഭിച്ചു. ഇതിനിടയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ മുറിക്കു മുന്നില്‍ നിന്നും നഗരസഭ ഓഫീസിന് മുന്നിലേക്ക് ഉപരോധം മാറ്റി.
ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ ഓഫീസിന് പുറത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ആക്ഷേപിച്ചത് അല്‍പ്പസമയം സംഘര്‍ത്തിനിടയാക്കിയിരുന്നു. പിന്നീട് ഉപരോധ സമരം അവസാനിപ്പിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മടങ്ങിയപ്പോള്‍ ഭരണപക്ഷം വിശദീകരണ യോഗവുമായി എത്തിയപ്പോള്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നു മാത്രം.
കര്‍ഷകത്തൊഴിലാളികള്‍, വയോജനങ്ങള്‍, മാനസികവെല്ലുവിളി നേരിടുന്നവര്‍-ഭിന്നശേഷിക്കാര്‍, വിധവകള്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങി അഞ്ച് വിഭാഗങ്ങള്‍ക്കാണ് പെന്‍ഷന്‍ നല്‍കേണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ വിതരണം പൂര്‍ത്തിയാകാനിരിക്കെ നഗരസഭ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."