മെഡിക്കല്‍ കോളജ് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് നല്കിയ സ്ഥലത്തെ അനധിക്യത കൈയേറ്റം ജില്ലാ പഞ്ചായത്ത് ഒഴിപ്പിച്ചു. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി കൈയ്യേറിയ ഒരേക്കാര് സ്ഥലവും താമസത്തിനായി നിര്‍മ്മിച്ച ഷെഡുമാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഡ്വ. ഷാജി കെ കുര്യന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്.
തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയുടെ ഫില്ലിംങ് വശത്ത് ആശുപത്രിക്ക് സമീപം ഒരേക്കര്‍ സ്ഥലത്തെ കാടുകള്‍ തെളിച്ച് നട്ടക്യഷികളും അതിര്‍ത്തിക്കായി കെട്ടിയ വേലിയും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ആശുപത്രി കവാടത്തിന് ചേര്‍ന്നുള്ള സ്ഥലം കൈവശപ്പെടുത്തി താമസിക്കാനായി നിര്‍മ്മിച്ച ഷെഡും പൊളിച്ചു നീക്കി. ഷെഡ് പെളിക്കുന്നത് തടഞ്ഞെങ്കിലും പൊലിസ് സഹായത്താല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തികരിച്ചു. വന്‍കിടക്കാരുടെ ബിനാമിയാണ് കൈയ്യേറ്റക്കാരനെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലാ ആശുപത്രി പടിയിലെ ജില്ലാ പഞ്ചായത്ത് വെയിറ്റിംങ് ഷെഡ് കൈയേറി താമസിച്ചതിന് ശേഷമാണ് ഇയാള്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം ആരംഭിച്ചത്.
കൈയേറ്റത്തിനെതിരെ മുന്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും ശക്തമായ ഇടപെടലുകള്‍ ഉണ്ടായി തടസ്സപ്പെടുത്തുകയായിരുന്നു എന്ന ആക്ഷേപവുമുണ്ട്. ഇത്തരത്തില്‍ ബിനാമികളെ ഉപയോഗിച്ചാണ് പാറേമാവ് ആയൂര്‍വ്വേദ ആശുപത്രിയുടെ രണ്ടേക്കര്‍ സ്ഥലം വന്‍കിടക്കാര്‍ കൈയേറിയത് .
വര്‍ഷങ്ങളായിട്ടുള്ള പോരാട്ടത്തിന് ശേഷം ജില്ലാ പഞ്ചായത്ത് കൈയേറ്റക്കാരെ ഒഴിപ്പിച്ചപ്പോള്‍ വന്‍കിടക്കാര്‍ രംഗത്ത് വന്ന് കോടതിയില്‍ കേസ് നല്കിരിക്കുകയാണ്. ഇതിനാല്‍ ആശുപത്രിയുടെ രണ്ട് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത നിലയിലാണ്. സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി ജില്ലാ ആസ്ഥാനത്ത് കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈയേറ്റം നടത്തുന്നത് സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."