സുപ്രഭാതത്തിന്റെ രണ്ടുവര്‍ഷം: പ്രമുഖരുടെ കണ്ണുകളില്‍
പി ശ്രീരാമകൃഷ്ണന്‍
(നിയമസഭാ സ്പീക്കര്‍)
പുതിയ പത്രമെന്ന നിലയില്‍ പ്രൊഫഷനലിസം നന്നായി ശ്രദ്ധിക്കാന്‍ സുപ്രഭാതത്തിനായിട്ടുണ്ട്. പത്രത്തിന്റെ നിലപാട് വാര്‍ത്തകളില്‍ കലരാതിരിക്കാനുള്ള ആര്‍ജവവും സാമര്‍ഥ്യവും പ്രകടിപ്പിക്കാന്‍ നല്ല ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതില്‍ ഇനിയും വിജയിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ ലോക വിവരങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കുന്നു. മലയാളത്തിലെ മറ്റു പ്രമുഖ പത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക തികവും വാര്‍ത്തകളിലെ നിലവാരവും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഉമ്മന്‍ ചാണ്ടി
(മുന്‍ മുഖ്യമന്ത്രി)
ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ വാര്‍ത്താസംസ്‌കാരവുമായി 'സുപ്രഭാതം' രണ്ടു വയസ് പിന്നിട്ട് വളരുകയാണ്. ഈ കാലയളവില്‍ തിന്മകള്‍ക്കെതിരേ പത്രം നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്. മദ്യമെന്ന മഹാവിപത്തിനെതിരേ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ പോരാട്ടത്തിന് നിസീമമായ പിന്തുണയാണ് സുപ്രഭാതം നല്‍കിയത്. ജനാധിപത്യ മൂല്യങ്ങള്‍ക്കു കരുത്ത് പകര്‍ന്നുകൊണ്ട് ഇനിയും മുന്നോട്ടുപോകാനാവട്ടെ എന്നാശംസിക്കുന്നു.
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)
പ്രസിദ്ധീകരണമാരംഭിച്ച് രണ്ടു വര്‍ഷം കൊണ്ടു തന്നെ പത്രപ്രവര്‍ത്തന രംഗത്തും പൊതുസമൂഹത്തിലും തനതായ വ്യക്തിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞ ദിനപത്രമാണ് സുപ്രഭാതം. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ സവിശേഷമായ ശ്രദ്ധയാണ് സുപ്രഭാതം പുലര്‍ത്തുന്നത്. മൂര്‍ച്ചയേറിയ എഡിറ്റോറിയലുകളും വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ലേഖനങ്ങളും സുപ്രഭാതത്തിനു പത്രരംഗത്ത് വേറിട്ടൊരു സ്ഥാനം നല്‍കുന്നു. സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലെത്താനും സുപ്രഭാതത്തിനു കഴിഞ്ഞിട്ടുണ്ട്. രണ്ടാം വാര്‍ഷിക ദിനത്തില്‍ സുപ്രഭാതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി
(പ്രതിപക്ഷ ഉപനേതാവ്)
തുടക്കം മുതല്‍ സുപ്രഭാതത്തിന്റെ വായനക്കാരനാണ് ഞാന്‍. വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ലേഖനങ്ങളും സമൂഹത്തിന്റെ ഉന്നമനത്തിനുതകുന്ന വാര്‍ത്താവതരണവുമാണ് സുപ്രഭാതത്തിന്റെ മുഖമുദ്രയെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത ഇക്കാരണത്താലാണ് ചുരുങ്ങിയ കാലംകൊണ്ട് സുപ്രഭാതത്തിന് ആര്‍ജിക്കാന്‍ കഴിഞ്ഞതെന്നാണ് എന്റെ വിശ്വാസം. ബഹുസ്വരതയാണ് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പിന് അടിസ്ഥാനം. അവഗണിക്കപ്പെടുന്ന വിഭാഗങ്ങളുടെ ശബ്ദം പുതിയ മാധ്യമസംരംഭങ്ങളിലൂടെയാണ് വെളിച്ചം കാണുന്നത്. സുപ്രഭാതത്തിലൂടെ അത്തരം നിരവധി പ്രശ്‌നങ്ങള്‍ സമൂഹത്തിനു മുന്നിലെത്തിയിട്ടുണ്ട്. രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ സുപ്രഭാതത്തിനും അതിന്റെ വായനക്കാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
ഡോ. ടി.എം തോമസ് ഐസക്ക്
(ധനകാര്യമന്ത്രി)
സുപ്രഭാതം ചുരുങ്ങിയ കാലയളവില്‍ത്തന്നെ വായനക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പത്രമാണ്. ആറ് എഡിഷനുകളുമായി തുടങ്ങി മലയാളദിനപത്രങ്ങളുടെ ചരിത്രംതിരുത്താനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം കൊടുക്കുന്ന സുപ്രഭാതത്തിനു കഴിഞ്ഞുവെന്നത് അഭിമാനകരമാണ്.
ഇത്തവണ ഞാന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വാര്‍ത്തകളുടെ സുപ്രഭാതം റിപ്പോര്‍ട്ടുകള്‍ സസൂക്ഷ്മം വായിച്ചിരുന്നു. മുഖം നോക്കാത്ത വിമര്‍ശനവും ജനപക്ഷവികസനവീക്ഷണങ്ങളുമായി മൂന്നാം വര്‍ഷത്തിലേയ്ക്കു കടക്കുന്ന സുപ്രഭാതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
ഡോ.കെ മുഹമ്മദ് ബഷീര്‍
(കാലിക്കറ്റ് സര്‍വകലാശാല വി.സി)
മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സുപ്രഭാതം ദിനപത്രം മാധ്യമ മേഖലയില്‍ സ്വന്തമായ ഒരു ഇടം കണ്ടെത്തിയിരിക്കുന്നു. മാധ്യമ ധര്‍മം കാത്ത് സൂക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുവാനും സത്യസന്ധമായി വാര്‍ത്തകളെ വായിക്കാനും ജനപക്ഷത്ത് നിന്ന് വാര്‍ത്തകള്‍ കൂടുതല്‍ കണ്ടെത്താനും സുപ്രഭാതത്തിന് ഇനിയും സാധിക്കട്ടെ. മൂന്നാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുന്ന പത്രത്തിന് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.
ആലങ്കോട് ലീലാകൃഷ്ണന്‍
ചരിത്രപരമായി പിന്നോക്കത്തിലായ ഒരു ജനതയെ അഭിസംബോധനം ചെയ്യുന്നുവെന്നതാണ് സുപ്രഭാതത്തിന്റെ പ്രത്യേകത. ഇതിലൂടെ ജനാധിപത്യത്തിലെ ഇടം വിപുലപ്പെടുത്താനാവുന്നു. നല്ല പ്രഭാതത്തിന്റെ വരവറിയിക്കുന്നതാണ് സുപ്രഭാതം എന്ന പേര് തന്നെ. ഒരു പത്രത്തിനു ഇങ്ങനെയൊരു പേര് തന്നെ മറ്റാരും ഉപയോഗിച്ചിട്ടില്ല ഇതുവരേയും. മാധ്യമ പ്രവര്‍ത്തനം 'മാര്‍ക്കറ്റ്'ചെയ്യപ്പെടുന്ന അവസ്ഥയില്‍ നിന്നു മാറി കൃത്രിമത്വമില്ലാത്ത വാര്‍ത്തകള്‍ അവതരിപ്പിക്കാനാവുന്നു.ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായ മാധ്യമ പ്രവര്‍ത്തനം എന്നത് സുപ്രഭാതത്തിന്റെ മേന്മയാണ്.
സി രാധാകൃഷ്ണന്‍
സമൂഹങ്ങള്‍ തമ്മിലുള്ള അന്തരം അവസാനിപ്പിക്കുന്നതില്‍ സുപ്രഭാതത്തിന്റെ പങ്ക് വളരെ വലുതാണ്. രണ്ടുവര്‍ഷംകൊണ്ട് പത്രത്തിന് വലിയ വളര്‍ച്ചയാണുണ്ടായത്. വളര്‍ച്ച മുഴുവന്‍ ഗുണകരവുമാണ്. പത്രം കുറേയേറെ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചുവെന്നതും വലിയ നേട്ടമാണ്.
എന്‍.പി ഹാഫിസ് മുഹമ്മദ്
ഒരേ സമയം പല കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ ദിനപത്രം പ്രസിദ്ധീകരിക്കുന്ന സ്ഥാപനമെന്നതിനുള്ള ബഹുമതി എന്റെ അറിവില്‍ സുപ്രഭാതത്തിനുള്ളതാണ്. ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ വായനക്കാരെ ഉണ്ടാക്കിയെന്നുള്ളതും സുപ്രഭാതത്തിന് അവകാശപ്പെടാവുന്ന നേട്ടമാണ്. പ്രൊഫഷണലിസം കാത്തു സൂക്ഷിച്ച് വാര്‍ത്താ പ്രസിദ്ധീകരണ രംഗത്ത് ശ്രദ്ധേയമായ ചുവടു വെക്കാനായത് ശ്ലാഘനീയമാണ്. അനുഭവ പരിജ്ഞാനത്തില്‍ നിന്ന് പുതിയ കണ്ടെത്തലുകളും തിരുത്തലുകളും നടത്തുകയാണെങ്കില്‍ സുപ്രഭാതത്തിന് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കും. ആശംസകള്‍
എം.പി അബ്ദുസമദ് സമദാനി
(ദേശീയ സെക്രട്ടറി, മുസ്‌ലിം ലീഗ്)
സുപ്രഭാതത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും അതോടൊപ്പം കാത്തുസൂക്ഷിക്കുന്ന നിലവാരവും അത്ഭുതകരവും അഭിമാനകരവുമാണ്. കേരളീയ പൊതുസമൂഹത്തില്‍ രണ്ടു വര്‍ഷം കൊണ്ട്് പത്രത്തിനു സമാര്‍ജിക്കാന്‍ കഴിഞ്ഞ സ്വീകാര്യത അസാധാരണമായിരിക്കുന്നു. മാധ്യമരംഗം നിരവധി വെല്ലുവിളികളാലും പ്രശ്‌നങ്ങളാലും സങ്കീര്‍ണമായൊരു സാഹചര്യത്തില്‍, നൈതിക ബോധത്തിന്റേയും, പത്രധര്‍മത്തിന്റേയും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സുപ്രഭാതത്തിന്റെ മാനേജ്‌മെന്റും പത്രാധിപ സമിതിയും പുലര്‍ത്തുന്ന ജാഗ്രത പ്രസ്തുത മൂല്യങ്ങളെ വിലമതിക്കുന്ന ജനസാമാന്യത്തിനിടയില്‍ ഏറെ മതിപ്പുളവാക്കിയെന്ന വസ്തുതയും ശ്രദ്ധേയമാണ്. സമകാലിക ലോകഘടനയില്‍ വലിയ അധികാര ശക്തിയായി നിലകൊള്ളുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ അനന്ത സാധ്യതകളിലേക്ക് ഈ പ്രഭാത രശ്മികള്‍ പ്രകാശം ചൊരിയെട്ട എന്നു പ്രാര്‍ഥിക്കുന്നു, അതിനായി ആശംസിക്കുന്നു.
ഉഴവൂര്‍ വിജയന്‍
(സംസ്ഥാന പ്രസിഡന്റ് എന്‍.സി.പി)
മലയാളി വായനക്കാരുടെ സുപ്രഭാതങ്ങളില്‍ സത്യസന്ധമായ വാര്‍ത്തകളുടേയും വിജ്ഞാനത്തിന്റെയും വിരുന്നൊരുക്കുന്ന ദിനപത്രമാണ് സുപ്രഭാതം. ജാതി- മത-രാഷ്ടീയ പരിഗണനകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളുടേയും പത്രമായി മാറാന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് സുപ്രഭാതത്തിന് കഴിഞ്ഞു. സുപ്രഭാതത്തിന്റെ വായനക്കാരനെന്ന നിലയില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് പത്രം നടത്തുന്നതെന്ന് സംശയലേശമന്യേ എനിക്ക് പറയാനാകും. അഴിമതിക്കും അനീതിക്കുമെതിരേ ശക്തമായ തൂലിക ചലിപ്പിക്കാന്‍ സുപ്രഭാതം പത്രത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് തുടര്‍ന്നും കഴിയട്ടേയെന്ന് ആശംസിക്കുന്നു.
ഫാ. വര്‍ഗീസ് വള്ളിക്കാടന്‍
(ഡയരക്ടര്‍, കെ.സി.ബി.സി)
ഒരു പ്രത്യേക വിഭാഗത്തിന്റെ പത്രം എന്ന പ്രതീതി ജനിപ്പിക്കാതെ പൊതു പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന പത്രമെന്നാണ് സുപ്രഭാതത്തെക്കുറിച്ച് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാനും പത്രത്തിന് കഴിയുന്നുണ്ട്. ഒരു സമഗ്ര പത്രത്തിന്റെ കെട്ടും മട്ടും സുപ്രഭാതത്തിനും കൈവന്നുകഴിഞ്ഞു.
ഒരു തുടക്ക പത്രം എന്നു വിശ്വസിക്കുക പ്രയാസം തന്നെയാണ്. ശക്തമായ എഡിറ്റോറിയല്‍ കൊണ്ട് സുപ്രഭാതം മറ്റ് പത്രങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ഇടപെടലുകളില്‍ സുപ്രഭാതം നടത്തുന്ന തന്‍മയത്വം അനിതരസാധാരണമാണ്.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ചുരുങ്ങിയ കാലം കൊണ്ട് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. രണ്ടുവര്‍ഷം കൊണ്ട് വലിയ വളര്‍ച്ച പ്രാപിച്ച പത്രമാണു സുപ്രഭാതം. മറ്റു പത്രങ്ങളെ പോലെ ശക്തിയും പരിമിതിയും സുപ്രഭാതത്തിനുണ്ട്. വളരേയെറെ പ്രതീക്ഷാനിര്‍ഭരമാണു രണ്ടുവര്‍ഷത്തെ യാത്ര. തുടുര്‍ന്നുള്ള യാത്രയും അങ്ങനെ തന്നെയാവട്ടെ. പ്രത്യേകിച്ച് എഡിറ്റോറിയല്‍ പേജിലെ ലേഖനങ്ങള്‍ എടുത്തുപറയേണ്ടതാണ്. വളരെ മുതിര്‍ന്ന പത്രത്തിന്റെ ലക്ഷണം പലപ്പോഴും സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ പേജ് പ്രകടിപ്പിക്കുന്നുണ്ട്.
കെ.പി രാമനുണ്ണി
പതിവായി വായിക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ ഞാന്‍ ശ്രദ്ധിക്കുന്ന ഒരു പത്രമാണ് സുപ്രഭാതം. പത്രം പ്രസിദ്ധീകരണം ആരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത്രയധികം സര്‍ക്കുലേഷന്‍ നേടിയെടുത്ത പത്രം മലയാളത്തില്‍ വേറെയില്ലെന്നു തന്നെ പറയാം. മതേതരമായ നന്മയുടേയും മറ്റും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന പത്രം കൂടിയാണ് സുപ്രഭാതം. കൂടുതല്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ആളുകളെ ഇക്കിളിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്താത്ത പത്രം എന്ന നിലയിലും സുപ്രഭാതത്തിന് പ്രാധാന്യമുണ്ട്. മികച്ച രീതിയില്‍ പ്രസിദ്ധീകരിക്കുന്ന സുപ്രഭാതത്തിന്റെ ഞായറാഴ്ചപ്പതിപ്പായ ഞായര്‍ പ്രഭാതത്തെക്കുറിച്ചും എടുത്തു പറയേണ്ടതാണ്. നല്ല എഴുത്തിനേയും നല്ല സാഹിത്യത്തേയും നല്ല കലകളേയും പ്രോല്‍സാഹിപ്പിക്കാന്‍ സുപ്രഭാതം ഞായറാഴ്ചപ്പതിപ്പ് എന്നും ശ്രമിക്കാറുണ്ട്. ഇനിയും പ്രചാരം നേടി ജനമനസില്‍ സ്ഥിരപ്രതിഷ്ഠ നേടാന്‍ സുപ്രഭാതത്തിന് കഴിയട്ടേയെന്ന് ആശംസിക്കുന്നു.
പി.എം സാദിഖലി
(യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്)
സുപ്രഭാതത്തിന്റെ മൂന്നാം വാര്‍ഷികത്തിന് എല്ലാം അഭിനന്ദനങ്ങളും. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ സുപ്രഭാതത്തിന് സാധിച്ചിട്ടുണ്ട്. വാര്‍ത്താവിനിമയരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ കാലമാണിത്. അത്തരം വെല്ലുവിളികള്‍ എറ്റെടുത്ത് കൊണ്ട് അച്ചടി മാധ്യമത്തിന്റെ പ്രധാന്യം ഉയര്‍ത്തിപിടിക്കുകയാണ് സുപ്രഭാതം ചെയ്തത്. വാര്‍ത്താമാധ്യമ രംഗത്ത് വലിയ ഉയരങ്ങള്‍ സുപ്രഭാതം കീഴടക്കട്ടെയന്ന് ആശംസിക്കുന്നു.
ഡോ. സൈനുദ്ദീന്‍ പട്ടാഴി
റിപ്പോര്‍ട്ടിങിലുള്ള സുതാര്യതയാണ് സുപ്രഭാതത്തെ വ്യത്യസ്തമാക്കുന്നത്. മറ്റു പല പത്രങ്ങളും സെന്‍സേഷനല്‍ വാര്‍ത്തകളുടെ പിറകേ പോകുമ്പോള്‍ സുപ്രഭാതം സുതാര്യതയ്ക്കാണു മുന്‍തൂക്കം നല്‍കുന്നത്. പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍പ്പെടെ സമസ്ത മേഖലയെയും ആഴത്തില്‍ പ്രതിപാദിക്കുന്നുണ്ട് എന്നതു എടുത്തു പറയേണ്ടകാര്യമാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സുപ്രഭാതം മികച്ച സംഭാവനയാണ് നല്‍കുന്നത്.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
ചുരുങ്ങിയ കാലംകൊണ്ടു കേരളീയ പൊതുസമൂഹത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ 'സുപ്രഭാത'ത്തിനു കഴിഞ്ഞു. പ്രാദേശിക വാര്‍ത്തകള്‍ മുതല്‍ വായനക്കാരില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഈ കാലയളവില്‍ സാധിച്ചു. വിവരങ്ങള്‍ എത്തിക്കുന്നതിനപ്പുറം വാര്‍ത്താ വിശകലനത്തിലും സവിശേഷമായ വിജയം കൈവരിക്കാന്‍
സുപ്രഭാതത്തിനായി.
പി രാമഭദ്രന്‍
(പ്രസിഡന്റ് , കേരളാ ദലിത് ഫെഡറേഷന്‍)
കാഴ്ചപ്പാടുകളിലെ സത്യസന്ധത ഇസ്‌ലാം സന്‍മാര്‍ഗ ദര്‍ശനം മുറുകെ പിടിക്കുന്ന സമസ്ത നടത്തുന്ന 'സുപ്രഭാതം' രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകള്‍ സത്യസന്ധമായി വായനക്കാരുടെ മുന്നിലെത്തിക്കുന്നതില്‍ വിജയിച്ചു. മികച്ച ലേഖനങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ജന്മദിനത്തില്‍ എല്ലാ ആശംസകളും.
ഡോ. ജി പ്രതാപവര്‍മ തമ്പാന്‍
(കോണ്‍ഗ്രസ് നേതാവ്)
മികച്ച ലേഔട്ടും അവതരണരീതിയും 'സുപ്രഭാത'ത്തെ വേറിട്ടു നിര്‍ത്തുന്നു. ചുരുങ്ങിയ കാലംകൊണ്ടു മാധ്യമലോകത്ത് സവിശേഷമായി ഇടം നേടാനും സുപ്രഭാതത്തിനായി. വിഷയത്തിലധിഷ്ഠിതമായ മുഖ പ്രസംഗവും മികവുറ്റ ലേഖനങ്ങളും സുപ്രഭാതത്തെ ശ്രദ്ധേയമാക്കുന്നു.
പി കമാല്‍കുട്ടി ഐ.എ.എസ്
(മുന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍)
കഴിഞ്ഞ രണ്ടുവര്‍ഷമായി സുപ്രഭാതം പ്രഭാതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. സ്വന്തം നിലപാടില്‍ അടിയുറച്ചുനില്‍ക്കുമ്പോള്‍ തന്നെ എല്ലാതരത്തിലുള്ള അഭിപ്രായങ്ങള്‍ക്കും വേദിയൊരുക്കാന്‍ സുപ്രഭാതം ഒരിക്കലും മടിച്ചിട്ടില്ല. ഞായര്‍ പ്രഭാതം ഒരു വായനാനുഭവം തന്നെയാണ്. പ്രാദേശിക വാര്‍ത്തകള്‍ക്കു കുറച്ചുകൂടി പ്രാധാന്യം നല്‍കണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വന്‍തോതില്‍ വളര്‍ച്ച പ്രാപിച്ചിട്ടുണ്ടെങ്കിലും അച്ചടി മാധ്യമങ്ങള്‍ക്ക് അതിന്റേതായ സ്ഥാനം ഇപ്പോഴുമുണ്ട്. ഇനിയും അതിനു കോട്ടംതട്ടാന്‍ പോകുന്നില്ല. സുപ്രഭാതം പിടിച്ചുനില്‍ക്കും. സുപ്രഭാതത്തെ സ്‌നേഹിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. മറ്റേതുപത്രം വായിച്ചാലും ലഭിക്കാത്ത സംതൃപ്തി സുപ്രഭാതം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."