സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം: മാനേജ്‌മെന്റുകള്‍ക്കിടയില്‍ അഭിപ്രായഭിന്നത
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഇന്നു നടക്കാനിരുന്ന ചര്‍ച്ച മാറ്റിവയ്ക്കണമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍. ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ക്കിടയിലുള്ള തര്‍ക്കമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.
ഫീസ് ഘടന നിശ്ചയിച്ചതില്‍ ഇരട്ട നീതിയെന്നാണ് ഒരുവിഭാഗം മാനേജ്‌മെന്റുകള്‍ ആരോപിക്കുന്നത്. മെറിറ്റ് സീറ്റില്‍ 4.40 ലക്ഷം ഫീസ് വാങ്ങാന്‍ എല്ലാവരേയും അനുവദിക്കണം എന്നതാണ് ഇവരുടെ ആവശ്യം.
എന്നാല്‍ മറ്റൊരു വിഭാഗം സര്‍ക്കാറുമായി സമവായത്തിന് ശ്രമിക്കണം എന്ന നിലപാടിലാണ്. ഇതാണ് ഇന്നു രാത്രി എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ച മാറ്റിവയ്ക്കണം എന്ന നിലപാടിലേക്ക് മാനേജ്‌മെന്റുകളെ എത്തിച്ചത്.
ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ക്ക് അഭിപ്രായ ഐക്യം ഉണ്ടാക്കാനായില്ല എന്നതാണ് മാനേജ്‌മെന്റുകളുടെ പിന്‍മാറ്റത്തിന് കാരണം.
ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കാമെന്നായിരുന്നു മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നത്. ഇതില്‍ 20 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ തയാറാണെന്നും ബാക്കി 30 ശതമാനം സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഈ 30 ശതമാനം സീറ്റുകളില്‍ കഴിഞ്ഞ തവണത്തെ ഫീസ് ആയിരുന്ന 1.85 ലക്ഷം ഇത്തവണ അഞ്ചുലക്ഷമാക്കണമെന്നായിരുന്നു ആവശ്യം. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കിയാല്‍ ബാക്കിയുള്ള പകുതി മാനേജ്‌മെന്റ് സീറ്റുകളില്‍ 35 ശതമാനം സീറ്റില്‍ പത്തുലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെയും ബാക്കി പതിനഞ്ച് ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ പതിനഞ്ച് ലക്ഷം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപവരെയും ഫീസ് വേണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വര്‍ഷംതോറും പത്തു ശതമാനം വര്‍ധനവ് മാത്രമേ നല്‍കാനാവൂവെന്ന നിലപാടില്‍ ആരോഗ്യമന്ത്രി ഉറച്ചുനിന്നു.
ഏകീകൃത ഫീസ് എന്ന ആവശ്യത്തില്‍ മാനേജ്‌മെന്റുകള്‍ ഉറച്ചുനിന്നപ്പോള്‍ 50 ശതമാനം സീറ്റുകള്‍ മെറിറ്റ് സീറ്റായി സര്‍ക്കാരിനു വിട്ടുനല്‍കണമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ നിലപാടെടുത്തു. ഏകീകൃത ഫീസ്, പ്രവേശനാധികാരം എന്നിവയില്‍ കോടതിവിധി തങ്ങള്‍ക്കു അനുകൂലമാണെന്നും അതുകൊണ്ടുതന്നെ അന്‍പതുശതമാനം സീറ്റുകള്‍ മുന്‍വര്‍ഷങ്ങളിലെ പോലെയുള്ള ആനുകൂല്യത്തോടെ വിട്ടുനല്‍കണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."