അതിജീവനത്തിന്റെ കല്‍ക്കരുത്തില്‍ ചമ്പന്‍മുടി
പത്തനംതിട്ട: നൂറോളം പാറമടകളും ക്വാറികളും കൊണ്ട് പരിസ്ഥിതി ചൂഷണത്തിന് കുപ്രസിദ്ധി ആര്‍ജിച്ച ജില്ലയാണ് പത്തനംതിട്ട. റാന്നി, കോന്നി, മല്ലപ്പള്ളി എന്നി താലൂക്കുകളിലാണ് പ്രധാനമായും ജില്ലയിലെ ഭൂരിഭാഗം പാറമടകളും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പകുതിയിലധികവും അനധികൃതവുമാണ്. ജില്ലാ ഭരണകൂടവും വന്യൂ-പൊലിസ്-മലിനീകരണ നിയന്ത്രണ ബോര്‍ഡ്-തദ്ദേശ ഭരണ സ്ഥാപന അധികൃതരുടെ അവിശുദ്ധ കൂട്ടായ്മയാണ് പാറമട ലോബിക്ക് വളമാകുന്നത്.
വ്യാപകമായ ജനകീയ പ്രതിഷേധങ്ങള്‍ക്കു നടുവിലാണ് അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ ഇവ പ്രവര്‍ത്തിക്കുന്നതും. ഇത്തരത്തില്‍ നേരത്തേമുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചതാണ് റാന്നി താലൂക്കിലെ നാറാണമ്മൂഴി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മണിമലേത്ത് ക്രഷറിന് എതിരേയുള്ള ജനകീയ സമരവും പ്രതിരോധവും.
2013 മുതലാണ് ഇവിടെ പാറ ഖനനത്തിനെതിരേ ജനകീയ പ്രതിഷേധവും സമരങ്ങളും തുടങ്ങിയത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ പാറമട അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞു എന്നത് നാട്ടുകാര്‍ വിജയമായി കണ്ടു. നാറാണമ്മൂഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദ്യം സമരത്തെ അനുകൂലിച്ചില്ലെങ്കിലും സമരം ശക്തി പ്രാപിച്ചതോടെ പൂര്‍ണ പിന്തുണയുമായി രംഗത്തെത്തി. ഇതോടെ ക്വാറിക്ക് ഡി ആന്റ് ഓ ലൈസന്‍സ് ലഭിക്കാതായി. ഇതുകാരണം പാറമട പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
മൂന്നു വര്‍ഷത്തിലധികമായി നീണ്ട സമരത്തിന് മുന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ അടക്കമുള്ള നിരവധി നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും പിന്തുണ അറിയിച്ചെത്തിയിരുന്നു. സമരത്തെ സി.പി.ഐയും ശക്തമായി അക്കാലത്ത് പിന്തുണച്ചിരുന്നു.
എന്നാല്‍ ക്രമേണ സമരമുഖത്ത് നിന്ന് ഇവര്‍ പിന്‍വലിഞ്ഞു. ഇക്കാലത്ത് മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്‍ സമരം ശക്തമായി തുടരുകയും ക്വാറി അടച്ചു പൂട്ടുകയുമായിരുന്നു.
ഇതിനിടെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ക്വാറി നിയമ വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കോടതിയെ ധരിപ്പിച്ചു. ഇത് ശരിവച്ച കോടതി പ്രവര്‍ത്തനാനുമതി നല്‍കി. ഇതിന് പഞ്ചായത്ത് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലായ് ഏഴിന് പാറമടയ്ക്ക് അനുമതി നല്‍കാന്‍ നാറാണമ്മൂഴി പഞ്ചായത്തിലെ സി.പി.എം ഭരണസമിതി അനുവാദം നല്‍കി.
എന്നാല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പാറമടയില്‍നിന്നു ലോഡ് എടുക്കാന്‍ കഴിഞ്ഞില്ല. അനുകൂലവിധി സമ്പാദിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഞ്ചായത്തിനെതിരേ കോടതിയലക്ഷ്യ കേസുമായി ക്വാറിയുടമ നീങ്ങിയതോടെ ചെമ്പന്‍മുടി വീണ്ടും സംഘര്‍ഷഭരിതമായി.
29 തിങ്കളാഴ്ച പുലര്‍ച്ചെ മണിമലേത്ത് ക്വാറിയില്‍ നിന്ന് റാന്നി തറസില്‍ദാര്‍ ഇ. ഷംസുദിന്റെ സാന്നിധ്യത്തില്‍ വെച്ചൂച്ചിറ പൊലിസിന്റെ അകമ്പടിയോടെ പാറ കടത്തിയത് നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേരെ പൊലിസ് ബലമായി പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. ഇതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചെത്തിയത് പൊലിസ് സ്റ്റേഷന്‍ പരിസരത്തും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു.
ഇതിനിടെയാണ് സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിലുള്ള നാറാണമൂഴി മാത്യു-റീന ദമ്പതികളുടെ ഇളയ മകള്‍ രണ്ടു വയസുള്ള ബെല്ല റോസിനോടുള്ള റാന്നി സി.ഐ എസ്. ന്യൂമാന്റെ നടപടി വിവാദമായത്. വിശന്നുതളര്‍ന്ന് ഭക്ഷണത്തിനായി അമ്മയുടെ സമീപത്തേക്ക് പോയ കുട്ടിയെ തടഞ്ഞ സംഭവം വിവാദമായതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഇടപെടുകയും ന്യൂമാനെതിരേ നടപടിക്ക് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതേതുടര്‍ന്ന് എ.ഡി.ജി.പി ബി. സന്ധ്യേയാട് റിപ്പോര്‍ട് നല്‍കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടു.
തിങ്കളാഴ്ചത്തെ സംഭവങ്ങളെ തുടര്‍ന്ന് സമരക്കാര്‍ തിരുവല്ല ആര്‍.ഡി.ഓയുമായി ചര്‍ച്ച നടത്തി. കലക്ടര്‍ ഇടപെടണമെന്ന ആവശ്യം അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ കലക്ടറെ കാണുംവരെ ഒരു കല്ല് പോലും ഇവിടെ നിന്നും കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നാണ് അതിജീവന സമരസമിതി പ്രവര്‍ത്തകരുടെ നയം. എന്നാല്‍ സി.പി.എം അടക്കമുള്ള ഭരണകക്ഷികള്‍ സമരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതില്‍ ഇവര്‍ക്ക് ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."