തെരുവുനായ ശല്യം: അധികൃതര്‍ മൗനത്തില്‍ തന്നെ
കൊല്ലം: ജില്ലയില്‍ തെരുവുനായ്ക്കളുടെ ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും അധികൃതര്‍ മൗനത്തില്‍ തന്നെ. തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനും അക്രമകാരികളായവയെ കൊല്ലുന്നതിനുമുള്ള നടപടികള്‍ ഇപ്പോഴും കടലാസിലാണ്.
തെരുവുനായ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നാലുവയസുകാരന്റെ മുഖം കടിച്ചു കീറുകയും ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നിട്ടും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും നഗരസഭകളും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നടപടികളൊന്നുമെടുത്തിട്ടില്ല. ജില്ലയിലാകമാനം ഇതുവരെ മൂവായിരത്തി അറുന്നൂറിലധികം പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്.
ജില്ലയിലെ നഗരവും ഗ്രാമപ്രദേശങ്ങളും രാത്രിയായാല്‍ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. രാമന്‍കുളങ്ങര, ലിങ്ക്‌റോഡ്, പീരങ്കിമൈതാനം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുത്തൂര്‍, ചവറ ടൈറ്റാനിയം, മേവറം, തേവള്ളി, കരിക്കോട്, കുരീപ്പുഴ, ചിന്നക്കട തുടങ്ങിയ പ്രദേശങ്ങളിലാണു ശല്യം രൂക്ഷമായിരിക്കുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രതിദിനം 20-25നും ഇടയില്‍ ആളുകളാണ് നായയുടെ കടിയേറ്റ് ചികിത്സയ്‌ക്കെത്തുന്നത്.ശരിയായ ഇടവേളകളില്‍ വന്ധീകരിക്കാത്തതും മാലിന്യങ്ങള്‍
ശരിയായി നിര്‍മാര്‍ജനം ചെയ്യാത്തതുമാണ് നായ്ക്കളുടെ എണ്ണം പെരുകാന്‍ കാരണമെന്ന് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രവര്‍ത്തകര്‍ പറയുന്നു. എ.ബി.സി പദ്ധതിയിലൂടെ 1041 നായ്ക്കളെ വന്ധീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടിലാണ്.നായ്ക്കളെ വന്ധീകരിക്കാനുള്ള സ്ഥലം കോര്‍പറേഷന്‍ കണ്ടെത്തി നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല.
തെരുവ് നായ്ക്കളെ വന്ധീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ ക്ലിനിക്ക് സംവിധാനം ഉടന്‍ തന്നെ ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."