സ്വകാര്യ ഗ്രൂപ്പ് ഹാജിമാര്‍ പ്രവാചക നഗരിയില്‍, ഇനി വരുന്നവരുടെ മദീന സന്ദര്‍ശനം ഹജ്ജിനു ശേഷം
മദീന: ഇന്ത്യയില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ മദീനയിലെത്തി. ശനിയാഴ്ച വരെ മക്കയിലെത്തിയ സ്വകാര്യ ഗ്രൂപ്പ് സംഘങ്ങളാണ് മദീനയിലേക്ക് പ്രവാചക കേന്ദ്രം സന്ദര്‍ശിക്കാനായി പുറപ്പെട്ടത്. മക്കയിലെത്തി ഉംറ നിര്‍വ്വഹിക്കുകയും മക്കയിലെ സന്ദര്‍ശന സ്ഥലങ്ങളായ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതിനു ശേഷമാണ് ഇവര്‍ പ്രവാചക നഗരിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇനി മുതല്‍ ഹജ്ജിനെത്തുന്ന സ്വകാര്യ തീര്‍ത്ഥാടകര്‍ ഹജ്ജിനു ശേഷമായിരിക്കും പ്രവാചക നഗരി സന്ദര്‍ശനത്തിന് എത്തുക.
മദീനയില്‍ കഴിഞ്ഞ ദിവസം മുതല്‍ എത്തിയ തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ദുല്‍ഖഅദ് മൂന്ന്, നാല്, അഞ്ചു തിയ്യതികളിലായിരിക്കും മക്കയില്‍ തിരിച്ചെത്തുക. മക്ക മദീന റോഡില്‍ ഉണ്ടായേക്കാവുന്ന കടുത്ത തിരക്കുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രത്യേക തിയ്യതികള്‍ മുത്വവ്വിഫുമാര്‍ നിര്‍ദേശിച്ചത്. മദീനയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍, പ്രവാചക ഖബറിടത്തിനും പള്ളിക്കും പുറമെ, മസ്ജിദുല്‍ ഖുബ ,മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഉഹ്ദ്, ജന്നത്തുല്‍ ബഖിഹ് തുടങ്ങിയ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഇന്ത്യന്‍ തീര്ഥാടകരില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ സ്വകാര്യ ഗ്രോപ്പില്‍ എത്തിയത് കേരളത്തില്‍ നിന്നാണ്. മക്കയില്‍ ആദ്യമെത്തിയ ഇവര്‍ ഇവിടുത്തെ ചരിത്ര സ്മാരകങ്ങളായ ജബലുന്നൂര്‍, സൗര്‍ ഗുഹ, ജന്നത്തുല്‍ മുഅല്ല, ഹറം മ്യൂസിയം, തുടങ്ങിയ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശനവും നടത്തിയിട്ടുണ്ട്.
മദീന സന്ദര്‍ശനം നടത്തി തിരിച്ചെത്തുന്ന സ്വകാര്യ തീര്‍ത്ഥാടകര്‍ക്ക് ഭൂരിപക്ഷം പേര്‍ക്കും ഹറം പരിസരത്തെ അസീസിയ മേഖലകളിലാണ് താമസ സൗകര്യം ലഭിക്കുക. അതേ സമയം, ഇനി മുതല്‍ മക്കയില്‍ എത്തുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞു മദീന സദര്‍ശവും നടത്തി മദീനയില്‍ നിന്ന് തന്നെയായിരിക്കും മടക്കയാത്ര ആരംഭിക്കുക. എന്നാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ ഹജ്ജിനു ശേഷമായിരിക്കും മദീന സന്ദര്‍ശനം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."