അധ്യാപക - വിദ്യാര്‍ഥി അനുപാതം ഹൈക്കോടതി വിധി സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി
മലപ്പുറം: വിദ്യാലയങ്ങളിലെ അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തില്‍ തന്നെ വേണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടിയാകുന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതം വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് വാദിച്ച് സ്‌കൂള്‍ അടിസ്ഥാനത്തില്‍ നിയമം നടപ്പാക്കിയാല്‍ മതിയെന്ന നിലപാടെടുത്ത സര്‍ക്കാര്‍ തീരുമാനത്തെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.
2009ലാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നത്. ഇതുപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 1:30 എന്ന അനുപാതത്തിലും ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ 1:35 എന്ന അനുപാതത്തിലും ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ഉത്തരവ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍ പതിനായിരക്കണക്കിന് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നത്. ഇങ്ങനെ വന്നാല്‍ 2000 കോടി രൂപയുടെ അധികബാധ്യത വരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിവച്ച് ഇത് താങ്ങാവുന്നതല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചാണ് ഈ വര്‍ഷം സംസ്ഥാനത്ത് അധ്യാപക തസ്തിക നിര്‍ണയം നടത്തേണ്ടതില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ രീതി പിന്തുടര്‍ന്നാല്‍ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. ഇതുപ്രകാരമുള്ള തസ്തിക നിര്‍ണയമാണ് ഇപ്പോള്‍ സംസ്ഥാനത്ത് അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്. പുതിയ കോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക പുറത്താകാനിടയുള്ള സംസ്ഥാനത്തെ സംരക്ഷിത അധ്യാപകര്‍ക്കാണ്.
ഹൈക്കോടതി തീരുമാനം നടപ്പാക്കിയാല്‍ ഈ വര്‍ഷം തസ്തിക നഷ്ടപ്പെടാനിടയുള്ള സംരക്ഷിത അധ്യാപകരെ കൂടി പുനര്‍ വിന്യസിക്കാനാകും. ഇതുകൂടാതെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ തീരുമാനം.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്നതോടെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അധ്യാപക പാക്കേജിന്റെ ഭാഗമായി അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ തസ്തിക നിര്‍ണയം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം നടന്ന തലയെണ്ണല്‍ പ്രകാരം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ച സ്‌കൂളുകളിലും കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ചുള്ള അധ്യാപകരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇതുമൂലം പല സ്‌കൂളുകളിലും ഈ വര്‍ഷം ആവശ്യമായ അധ്യാപകരില്ലാത്ത സ്ഥിതിയുണ്ട്. ഇത് പഠനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.
കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം നടത്തുന്നതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."