ബി.ജെ.പിക്ക് മാണിയും വെള്ളാപ്പള്ളിയും വേണം; എന്‍.ഡി.എ വികസനത്തിന് പുതുസാധ്യത തേടി ബി.ജെ.പി
കൊല്ലം: പരാജയപ്പെട്ട വെള്ളാപ്പള്ളി സഖ്യം പുനഃസ്ഥാപിക്കാനും എന്‍.ഡി.എ വികസിപ്പിക്കാനുമുള്ള പുത്തന്‍ സാധ്യതകള്‍ തേടി ബി.ജെ.പി രംഗത്ത്. ഇത് മുന്നില്‍ക്കണ്ടാണ് കേരളഘടകത്തിന്റെ ചുമതല അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നതും.
സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തില്‍ എത്തിയതോടെ വെള്ളാപ്പള്ളി നടേശന്‍ വീണ്ടും സി.പി.എമ്മുമായി, പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുക്കാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടെക്കൂട്ടാനുള്ള ബി.ജെ.പി ശ്രമം വിജിലന്‍സ് അന്വേഷണം വീണ്ടും പൊടിതട്ടിയെടുത്ത് സി.പി.എം പൊളിച്ചതും ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി. യു.ഡി.എഫ് വിടുന്നെന്ന് പ്രഖ്യാപിക്കുകയും എന്നാല്‍ അടുത്ത നീക്കമെന്താണെന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തുകയും ചെയ്ത കെ.എം മാണിയുമായി വിലപേശി കൂടെക്കൂട്ടാമെന്നായിരുന്നു ബി.ജെ.പി കരുതിയത്.
ജോസ് കെ.മാണിയുടെ കേന്ദ്രസഹമന്ത്രി സ്ഥാനമായിരുന്നു ഇതില്‍ പ്രധാനം. ബി.ജെ.പി ഓഫറുകളുമായി ഇങ്ങോട്ടുവരട്ടെ എന്ന മട്ടില്‍ മാണി കാത്തുനില്‍ക്കുകയുമായിരുന്നുവെന്നാണ് ബി.ജെ.പി വിലയിരുത്തല്‍.
എന്നാല്‍ കാര്യങ്ങള്‍ മണത്തറിഞ്ഞ് ഒരുമുഴം മുന്‍പേ എറിയുകയായിരുന്നു സി.പി.എമ്മും പിണറായിയും. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം വീണ്ടും നടത്തുന്നത് ഇതിന്റെ ഭാഗമാണ്. മാണിയെ അനങ്ങാനാകാത്ത വിധം പൂട്ടുകയും ബി.ജെ.പിയുടെ മാണി ബാന്ധവ സ്വപ്നം പൊളിക്കുകയുമാണ് ഒരേസമയം സി.പി.എം ചെയ്തത്.
ഇതിനൊപ്പമാണ് വെള്ളാപ്പള്ളിയുടെ അമിതാവേശത്തോടെയുള്ള പിണറായി സ്തുതികള്‍. ഇങ്ങനെ പോയാല്‍ ബി.ജെ.പിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തിരിച്ചുപോകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആശങ്ക.
കേന്ദ്രനേതൃത്വം എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് അമിത് ഷായുമാണ്. അവര്‍ക്ക് രണ്ടു പേര്‍ക്കും കേരളം പിടിക്കുക എന്നത് വലിയ രാഷ്ട്രീയപ്രാധാന്യമുള്ള കാര്യമാണ്.
ശക്തമായ രാഷ്ട്രീയ ശക്തിയാകാന്‍ സാധിക്കാത്തതും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ കഴിയാത്തതും ബി.ജെ.പി തിരിച്ചറിയുന്നുണ്ട്.ഇക്കാര്യങ്ങള്‍ നടക്കാതെ ബി.ജെ.പിക്ക് കേരളത്തില്‍ രാഷ്ട്രീയ മേല്‍ക്കൈ ഉണ്ടാക്കാന്‍ സാധിക്കുകയില്ലെന്ന തിരിച്ചറിവിലാണ് സംഘടന. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ബി.ജെ.പി കേരളഘടകത്തിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.
വെള്ളാപ്പള്ളിയുടെയും ബി.ഡി.ജെ.എസിന്റെയും നിലപാടുകള്‍ ബി.ജെ.പിക്ക് അനുകൂലമായിത്തന്നെ നിലനിര്‍ത്താന്‍ ഷാ നേരിട്ട് ഇറങ്ങണമെന്നത് നരേന്ദ്രമോദിയുടെ തന്നെ നിര്‍ദേശമാണെന്നാണു സൂചന. അത്രയ്ക്ക് പ്രാധാന്യമാണ് കേരളത്തിനു മോദിയും കൊടുക്കുന്നത്.
ഈ മാസം അവസാനവാരം കോഴിക്കോട്ട് നടക്കുന്ന മൂന്നു ദിവസത്തെ ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതി യോഗത്തോടെ പാര്‍ട്ടിക്ക് ഇവിടെ സംഘടനാപരമായ പുതിയ ഉണര്‍വ് ഉണ്ടാകുമെന്നാണ് അമിത് ഷായും മറ്റു നേതാക്കളും കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."