കൂകിപ്പായുന്നത് യാത്രക്കാരന്റെ നെഞ്ചിടിപ്പിനു മുകളില്‍
തിരുവനന്തപുരം: കേരളത്തില്‍ യഥാസമയത്ത് അറ്റകുറ്റപ്പണികളും പരിശോധനകളും റെയില്‍വേ നടത്തുന്നില്ലെന്ന ആരോപണം നിലനില്‍ക്കേ ലൈന്‍ശേഷിയുടെ പരമാവധിയും കടന്ന് സര്‍വിസ് നടത്തുന്നതായി കണ്ടെത്തല്‍. സ്ഥാപിത ലൈന്‍ശേഷിയുടെ നൂറുശതമാനവും കഴിഞ്ഞാണു കേരളത്തില്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നത്. ലൈന്‍ശേഷിയുടെ എഴുപതു ശതമാനം കടന്നാല്‍ സര്‍വിസ് നടത്തരുതെന്നാണ് റെയില്‍വേ നിയമം. എന്നാല്‍ ഈ നിയമം കാറ്റില്‍ പറത്തിയാണ് സര്‍വിസ് നടത്തുന്നത്.
246 കിലോമീറ്ററോളം ദൂരമുള്ള തിരുവനന്തപുരം-പാലക്കാട് പാതയില്‍ ലൈന്‍ശേഷിയുടെ 80 ശതമാനത്തിലധികം വിനിയോഗിച്ചാണു പ്രതിദിന സര്‍വിസുകള്‍ നടക്കുന്നത്. കോട്ടയം-എറണാകുളം റൂട്ടില്‍ റെയില്‍വേയുടെ കണക്കനുസരിച്ച് ലൈന്‍ശേഷിയുടെ നൂറുശതമാനത്തിലധികമാണ് വിനിയോഗിക്കുന്നത്. പാലക്കാട്-തിരുവനന്തപുരം ഡിവിഷനുകളില്‍ കേരളത്തിനു പുതിയ ട്രെയിനുകള്‍ അനുവദിച്ചാലും സുഗമമായ ഗതാഗതത്തിനു മതിയായ പാതകളില്ലെന്ന് ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കുന്നു. പാളങ്ങളുടെ ബലക്ഷയവും കാര്യക്ഷമതയില്ലായ്മയും വ്യക്തമായിട്ടും ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അധികാരികള്‍ക്കു കഴിയുന്നുമില്ല. അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റിയത് ഇതിനുദാഹരണമാണ്.
തിരുവനന്തപുരം-എറണാകുളം പാതയില്‍ 60 ട്രെയിനുകളാണ് സര്‍വിസ് നടത്തുന്നത്. 190 കിലോമീറ്ററുള്ള എറണാകുളം-കോഴിക്കോട് പാതയില്‍ 22 ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ പാത ഇരട്ടിപ്പിക്കാത്തതും റെയില്‍വേ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള ചെന്നൈ, തിരുച്ചിറപ്പള്ളി, സേലം, മധുര ഡിവിഷനുകളില്‍ പാത ഇരട്ടിപ്പിക്കല്‍ ഇതിനകം പൂര്‍ത്തിയായി. ഇക്കാര്യത്തില്‍ കേരളത്തിന് കൊടിയ അവഗണനയാണ്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ സുപ്രധാന റൂട്ടുകളില്‍ പാത ഇരട്ടിപ്പിക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഇതിനു പിന്നിലുണ്ട്. യഥാസമയം റെയില്‍വേക്ക് ഭൂമി ഏറ്റെടുത്തു നല്‍കാത്തതാണു കാരണം.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ 202 സ്ഥലങ്ങളില്‍ പാളത്തിനു തകരാറുണ്ടെന്ന് ദക്ഷിണ റെയില്‍വേ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. 100 കിലോമീറ്റര്‍ ദൂരത്ത് ട്രാക്ക് മാറ്റിയിടേണ്ടി വരുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.
ഇത് അധികൃതര്‍ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ റെയില്‍പാളങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയര്‍ത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഏഴുതവണ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമവും നടന്നു. കാസര്‍കോടിനു സമീപം മൊഗ്രാല്‍ പുത്തൂരില്‍ കഴിഞ്ഞ ജൂലൈയില്‍ രണ്ടുതവണ റെയില്‍പാളത്തില്‍ അട്ടിമറി ശ്രമം നടന്നതാണ് ഏറ്റവും ഒടുവിലത്തേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."