ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കിയിട്ടും തൊഴിലില്ലായ്മ വേതനം വെറും 120 രൂപ
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കിയിട്ടും തൊഴിലില്ലായ്മ വേതനം വെറും 120 രൂപമാത്രം. ലക്ഷോപലക്ഷം തൊഴിലില്ലാത്ത യുവതീയുവാക്കളെയാണ് ഇടതുവലതു സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന ഭാരിച്ച ചെലവുകള്‍ക്ക് ചെറിയ ആശ്വാസമായാണ് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴിലില്ലായ്മ വേതനം നല്‍കുന്നത്. ഇപ്പോഴും ഇത് നാമമാത്രമായ തുക മാത്രമാണ്.
ആദ്യകാലങ്ങളില്‍ അപേക്ഷകള്‍ അയക്കാനും മറ്റും ചെറിയ തുകമാത്രമെ ചെലവായിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ അതല്ല സ്ഥിതി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി എല്ലാ ക്ഷേമപെന്‍ഷനുകളും കൂട്ടിയപ്പോള്‍ തൊഴിലില്ലായ്മ വേതനത്തില്‍ മാത്രം സര്‍ക്കാര്‍ കനിഞ്ഞില്ല. നേരത്തെ നൂറുരൂപയായിരുന്നു തൊഴിലില്ലായ്മ വേതനം. അത് 2000 ഒക്‌ടോബറില്‍ 120 രൂപയാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ 16 വര്‍ഷമായിട്ടും ഇവര്‍ക്ക് ഈ 120 രൂപയാണ് ലഭിക്കുന്നത്.
മൂന്ന്, ആറ് മാസത്തിലൊരിക്കല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് വേതനം നല്‍കുന്നത്. യുവജന സംഘടനകള്‍ ഇതിനെതിരേ ഒരു പ്രതിഷേധത്തിനും തയാറാകുന്നില്ല എന്നതാണ് ആശ്ചര്യം. ഒടുവില്‍ തൊഴിലില്ലായ്മ വേതനം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന യുവജന കമ്മിഷനാണ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നിലവില്‍ നല്‍കി വരുന്ന തൊഴിലില്ലായ്മ വേതനം ഇന്നത്തെ ജീവിതസാഹചര്യത്തില്‍ പര്യാപ്തമല്ലാത്തതിനാല്‍ കാലോചിതമായി പരിഷ്‌കരിക്കാനാണ് യുവജന കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കേരളത്തില്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവര്‍ അധികവും അനര്‍ഹര്‍ എന്നാണ് അധികൃതര്‍ പറയുന്നത്.
കണക്കുപ്രകാരം സംസ്ഥാനത്ത് 37,14, 541 പേരാണ് വേതനത്തിന് അര്‍ഹര്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 18 വയസിനു ശേഷം തുടര്‍ച്ചയായി മൂന്നുവര്‍ഷം തൊഴിലൊന്നും ലഭിക്കാതെ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുന്നവര്‍ക്കാണു വേതനം നല്‍കുന്നത്. നിലവില്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നവരില്‍ വലിയൊരു വിഭാഗം സ്വകാര്യമേഖലയില്‍ നിന്നു വരുമാനമുള്ളവരും അനര്‍ഹരുമാണ്. 2012-13 വര്‍ഷത്തില്‍ 52 കോടി 11 ലക്ഷവും 2013-14 വര്‍ഷത്തില്‍ അനുവദിച്ച 51 കോടിയും 2014-15 വര്‍ഷത്തില്‍ 42 കോടി 89 ലക്ഷവുമാണ് തൊഴില്‍രഹിത വേതനത്തിനായി ബജറ്റ് വിഹിതമായി അനുവദിച്ചത്.
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗാര്‍ഥികള്‍ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സംസ്ഥാനവ്യാപകമായി നിയുക്തി എന്ന പേരില്‍ അഞ്ചുഘട്ടങ്ങളിലായി തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചിട്ടും കാര്യമായ പ്രാതിനിധ്യമുണ്ടായില്ല.
അതേസമയം, സംസ്ഥാനത്തെ 2,03,703 പേര്‍ക്ക് ഓണത്തിനു മുന്‍പ് എട്ടുമാസത്തെ തൊഴില്‍രഹിത വേതനം നല്‍കുമെന്ന് തൊഴില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതിനായി 19,55,54,880 രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. എംപ്ലോയ്‌മെന്റ് ഡയരക്ടര്‍ക്കാണ് വിതരണ ചുമതല. ഗ്രാമപഞ്ചായത്തുകളിലെ 1,72,001 ഗുണഭോക്താക്കള്‍ക്ക് 16,47,49,800 രൂപയും, നഗരസഭകളിലെ 20,646 ഗുണഭോക്താക്കള്‍ക്ക് 1,97,73,840 രൂപയും, കോര്‍പറേഷനുകളിലെ 11,056 ഗുണഭോക്താക്കള്‍ക്ക് 1,06,13,760 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."