ബ്രസീല്‍ ഇനി മൈക്കിള്‍ ടെമര്‍ ഭരിക്കും
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെ പുറത്താക്കിയതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പ്രസിഡന്റായി അധികാരമേറ്റു. സെനറ്റില്‍ റൂസെഫിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടി പാസായതിനു പിന്നാലെയാണ് ടെമറിന്റെ സത്യപ്രതിജ്ഞ നടന്നത്. 75 കാരനായ ടെമര്‍ സെനറ്റിലാണ് സത്യപ്രതിജ്ഞ നടത്തിയത്.
2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെയാണ് ടെമറിനു കാലാവധിയുണ്ടാകുക. ബ്രസീലിന് പുതിയ യുഗമാണ് ഇനിയെന്നും രാജ്യത്തു കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
60 ബില്യന്‍ ഡോളറിന്റെ ധനക്കമ്മിയാണ് രാജ്യം അനുഭവിക്കുന്നത്. പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമാക്കിയെന്നും ടെമര്‍ പറഞ്ഞു. ബുധനാഴ്ചയാണ് ദില്‍മ റൂസെഫിനെതിരേയുള്ള ഇംപീച്ച്മെന്റിന് സെനറ്റ് അംഗീകാരം നല്‍കിയത്. 81 അംഗ സെനറ്റില്‍ 61 പേരും ഇംപീച്ച്മെന്റ് അനുകൂലിച്ച് വോട്ടു ചെയ്തു. ചൊവ്വാഴ്ച ദില്‍മ റൂസെഫ് സെനറ്റിനു മുന്നില്‍ ഹാജരായിരുന്നു. ബജറ്റ് അഴിമതിയില്‍ തനിക്ക് പങ്കില്ലെന്ന ദില്‍മ റൂസെഫിന്റെ വാദം സെനറ്റ് അംഗീകരിച്ചില്ല. 13 വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്കു ശേഷമാണ് ഇടതുപക്ഷ വര്‍ക്കിങ് പാര്‍ട്ടിയുടെ പ്രതിനിധിയായ ദില്‍മ റൂസെഫ് 2014ലെ ബജറ്റ് അഴിമതിയാരോപണത്തെ തുടര്‍ന്ന് അധികാരമൊഴിയുന്നത്. ഒളിംപിക്സിനെ തുടര്‍ന്നു ഇംപീച്ച്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചതായിരുന്നു.
എന്നാല്‍ തനിക്കെതിരേ പാര്‍ലമെന്റ് സംവിധാനം നടപടിയെടുത്തുവെന്നും പ്രസിഡന്റായിരിക്കെ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പുറത്താക്കല്‍ തീരുമാനത്തിനു പിന്നാലെ ദില്‍മ റൂസെഫ് പ്രതികരിച്ചു. വലതുപക്ഷ വാദികളാണ് തന്നെ അട്ടിമറിച്ചതിനു പിന്നിലെന്നും അവര്‍ ആരോപിച്ചു. പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയെങ്കിലും അടുത്ത എട്ടു വര്‍ഷത്തേക്ക് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ റൂസെഫിന് വിലക്കില്ല. സെനറ്റ് മറ്റൊരു വോട്ടെടുപ്പിലൂടെയാണ് ഇതില്‍ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."