തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍
റിയാദ്: റിയാദിലെ ജനസംഖ്യയുടെ പകുതിയിലധികവും സഊദി ഇതര നിവാസികളാണെന്ന് റിയാദ് മേയര്‍ ഡോ. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ്. ഇത് റിയാദിന്റെ സാമ്പത്തിക ശക്തിയും വൈവിധ്യവും ആകര്‍ഷണീയതയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച സഊദി-ഫ്രഞ്ച് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് റിയാദ് മേയറുടെ പരാമര്‍ശം.
സഊദി അറേബ്യയും ഫ്രാന്‍സും തമ്മിലുള്ള ഒരു നൂറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന ബന്ധത്തെക്കുറിച്ചും ഫൈസല്‍ രാജകുമാരന്‍ വാചാലനായി. 1967ല്‍ ഫൈസല്‍ രാജാവിന്റെ ഫ്രാന്‍സ് സന്ദര്‍ശനവും പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലുമായുള്ള കൂടിക്കാഴ്ചയും ഉള്‍പ്പെടെ സഊദിയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധും രൂപപ്പെടുത്തിയ പ്രധാന നാഴികക്കല്ലുകള്‍ അദ്ദേഹം എടുത്തുപറഞ്ഞു.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ 2018ലെ ഫ്രഞ്ച് സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ സമയത്ത് സഊദിയും ഫ്രഞ്ച് കമ്പനികളും തമ്മില്‍ 18 ബില്യണ്‍ ഡോളറിന്റെ 19 കരാറുകള്‍ ഒപ്പുവച്ചു. പെട്രോകെമിക്കല്‍സ്, വാട്ടര്‍ ട്രീറ്റ്‌മെന്റ്, ടൂറിസം, കള്‍ച്ചര്‍ തുടങ്ങിയ മേഖലകളില്‍ ഈ കരാറുകള്‍ ഉള്‍പ്പെടുന്നു. 1997ല്‍ അന്നത്തെ റിയാദ് ഗവര്‍ണറായിരുന്ന സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശന വേളയില്‍ സഹകരണസൗഹൃദ കരാറില്‍ ഒപ്പുവെച്ചതോടെ ആരംഭിച്ച റിയാദും പാരീസും തമ്മിലുള്ള പ്രത്യേക ബന്ധവും മേയര്‍ എടുത്തുപറഞ്ഞു. ഈ പങ്കാളിത്തത്തിന്റെ തുടര്‍ച്ചയായ വളര്‍ച്ചയെ അദ്ദേഹം പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."