പശ്ചിമഘട്ടത്തില്‍ രണ്ട് പുതിയ സസ്യങ്ങള്‍ കണ്ടെത്തി
തേഞ്ഞിപ്പലം: പശ്ചിമഘട്ട പ്രദേശത്തുനിന്ന് രണ്ട് പുതിയ സസ്യങ്ങളെ കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് കണ്ടെത്തി. പുല്‍വര്‍ഗ സസ്യ കുടുംബത്തിലെ ട്രൈപോഗോണ്‍ ജനുസില്‍ പെടുന്നവയാണ് രണ്ടിനങ്ങളും.
തെക്കന്‍ കര്‍ണാടകയിലെ ചിക്മഗ്‌ളൂരു ജില്ലയില്‍പെടുന്ന കാവിക്കല്‍ഗണ്ടി മലനിരകളില്‍നിന്നാണ് ഇവ ഡോ.എ.കെ.പ്രദീപ്, ഗവേഷക തൊയ്ബ കൊട്ടേക്കാട്ട്, ദേവഗിരി കോളജിലെ മനുദേവ് എന്നിവര്‍ കണ്ടെത്തിയത്.
ട്രൈപോഗോണ്‍ കര്‍ണാടകന്‍സിസ് എന്നും ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ നിന്നും കണ്ടെത്തിയ ഇനത്തിന് ട്രൈപോഗോണ്‍ മൂന്നാറെന്‍സിസ് എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. പഠനവിവരങ്ങള്‍ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലായ ഫൈറ്റോടാക്‌സയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍നിന്നും ഏകദേശം 500 മുതല്‍ 1900 മീറ്റര്‍വരെ ഉയരത്തില്‍ വനമേഖലകളോട് ചേര്‍ന്നുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ പുല്‍മേടുകളിലാണ് ഈ ജനുസിലെ ഭൂരിഭാഗം ഇനങ്ങളും കണ്ടുവരുന്നത്.
ലോകത്താകമാനമായി 62 ഇനങ്ങള്‍ മാത്രമുള്ള ഈ ജനുസിലെ 25 ഇനങ്ങള്‍ ഇന്ത്യയില്‍ കണ്ടുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."