മുക്കം നഗരസഭയുടെ അനാസ്ഥ; ട്രാഫിക് പരിഷ്‌കരണം പാളി രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഷ്‌കരണം വലിയ ആശ്വാസമായിരുന്നു
മുക്കം: ഏറെ നാളത്തെ പഠനത്തിനുശേഷം പന്ത്രണ്ട് ദിവസം ട്രയല്‍ നടത്തി നടപ്പിലാക്കിയ മുക്കം ടൗണിലെ ട്രാഫിക് പരിഷ്‌കരണം പൊളിഞ്ഞു. മുക്കം നഗരസഭയും മുക്കം പൊലിസും ട്രാഫിക് റഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണമാണ് മുക്കം നഗരസഭ അധികൃതരുടെ അനാസ്ഥ കാരണമാണ് പരാജയപ്പെട്ടത്.
ഏതാനും കച്ചവടക്കാരുടെയും ബസുടമകളുടെയും കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് ട്രാഫിക് പരിഷ്‌കരണം ആരംഭിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രാഫിക് പരിഷ്‌കരണ ശ്രമങ്ങള്‍ നടന്നപ്പോഴും ഈ വിഭാഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ജൂലൈ ഇരുപതിനാണ് ട്രയല്‍ ആരംഭിച്ചത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന മുക്കത്ത് പരിഷ്‌കരണ ട്രയല്‍ തുടങ്ങിയപ്പോള്‍ തന്നെ ശാന്തമായി. അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചും ഉന്തുവണ്ടികളും മറ്റും തിരക്കേറിയ ഭാഗങ്ങളില്‍ നിന്ന് മാറ്റിയും പരിഷ്‌കരണം വലിയ വിജയമായി. തുടക്കത്തില്‍ കൗണ്‍സിലര്‍മാരും പിന്നീട് പൊലിസും വിവിധ വിദ്യാലയങ്ങളിലെ ജെ.ആര്‍.സി, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അംഗങ്ങളും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി.
എന്നാല്‍ ഓഗസ്റ്റ് പതിനഞ്ച് വരെ കൃത്യമായി നടന്ന പരിഷ്‌കരണം വണ്‍വേകള്‍ തുടങ്ങുന്നിടത്ത് ദിശ തിരിക്കാനാളില്ലാതായതോടെയാണ് താളം തെറ്റിയത്. ദിശ തിരിക്കാന്‍ ആളില്ലാതായതോടെ പരിചയമുള്ളവരും നിയമം ലംഘിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മുഴുവന്‍ വണ്‍വേകളിലും നിയമ ലംഘനം തുടരുകയാണ്. ഉന്തുവണ്ടിക്കാരെ നഗരസഭാ കാര്യാലയത്തിന്റെ പിറകു വശത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഏതാനും നാളുകളായി മുക്കത്തിന്റെ പല ഭാഗങ്ങളിലും ഉന്തുവണ്ടിക്കാര്‍ കച്ചവടം തുടങ്ങിയിരിക്കുകയാണ്.പഴയ ബസ്റ്റാന്റില്‍ നിന്ന് പുറത്തിറങ്ങുന്ന ഭാഗത്തും ആലിന്‍ചുവട് പരിസരത്തും പഴയ ബസ്സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്തും കച്ചവടം തുടങ്ങിയിട്ടുണ്ട്. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റുമെന്ന് പറഞ്ഞ എല്‍.ഡി.എഫ് അനുകൂല ഓട്ടോറിക്ഷാ യൂണിയന്റെ ട്രാക്ക് മാറ്റാന്‍ നഗരസഭ തയാറാവാത്തത് ട്രാഫിക് പരിഷ്‌കരണം പരാജയപ്പെടുന്നതിനുണ്ടായ പ്രധാന കാരണമായി മുക്കത്തെ കച്ചവടക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ സ്റ്റാന്റിലേക്കുള്ള റോഡിലെ ഓട്ടോ ട്രാക്ക് വലിയ പ്രശ്‌നമാണുയര്‍ത്തുന്നത്. ബസ് സ്റ്റാന്റിന്റെ കിഴക്കുവശത്തെ ഓട്ടോ ട്രാക്കില്‍ ഓട്ടോകള്‍ നിറഞ്ഞ് തൊട്ടടുത്ത ഷോപ്പുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. മാസങ്ങള്‍ നീണ്ട ശ്രമഫലമായി നടപ്പിലായ ഗതാഗത പരിഷ്‌കരണം പാളിയതോടെ മുക്കത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."