അധികൃതരുടെ അനാസ്ഥ; വനഭൂമിയില്‍ മാലിന്യം തള്ളല്‍ തുടരുന്നു
നിലമ്പൂര്‍: അന്തര്‍സംസ്ഥാന പാതയായ കെ.എന്‍.ജി റോഡ് കടന്നുപോവുന്ന വള്ളുവശ്ശേരി വനമേഖലയില്‍ പ്ലാസ്റ്റിക്, മാംസാവശിഷ്ടങ്ങള്‍, ഖരമാലിന്യങ്ങള്‍ എന്നിവ തള്ളുന്നതു വ്യാപകമായിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയില്ല. മുട്ടിക്കടവു മുതല്‍ കരിമ്പുഴവരെയുള്ള ഭാഗങ്ങളിലാണ് മാലിന്യങ്ങള്‍ വലിയ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി റോഡരികിലെ വനത്തില്‍ തള്ളുന്നത്. അവശിഷ്ടങ്ങള്‍ പരതുന്ന തെരുവു നായ്ക്കള്‍ കാട്ടുമൃഗങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ഭീഷണിയാവുന്നുണ്ട്. മാന്‍കൂട്ടങ്ങള്‍ ധാരാളമുള്ള വനമേഖലയാണിത്. തെരുവു നായ്ക്കളുടെ സംഘം ചേര്‍ന്നുള്ള അക്രമണം മൂലം നിരവധി മാനുകളാണു ചത്തൊടുങ്ങിയത്. നായ്ക്കളില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വാഹനങ്ങള്‍ക്കു മുന്നില്‍പ്പെട്ടു ചാകുന്ന മാനുകളുടെ എണ്ണവും കൂടുകയാണ്.
അറവ് അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ റോഡരികിലെത്തുന്ന കാട്ടുപന്നികളും നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്. രാത്രിയിലാണു വാഹനങ്ങളില്‍ കൊണ്ടുവന്നു മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. മാലിന്യം തള്ളുന്നവരെ പിടികൂടുവാന്‍ ഇവിടെ ബോര്‍ഡുകളും രഹസ്യകാമറകളും സ്ഥാപിക്കുമെന്നും വാച്ചര്‍മാരെ നിയമിക്കുമെന്നും ഡി.എഫ്.ഒ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."