ബ്ലാത്തൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു
ബ്ലാത്തൂര്‍: ബസ് സ്റ്റാന്‍ഡില്ലാത്ത ബ്ലാത്തൂരില്‍ ബസ്സുകള്‍ റോഡരികില്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെ പൊലിസ് നടപടി എടുക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരും ബസ് ജീവനക്കാരും ബ്ലാത്തൂരില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ബസ് സ്റ്റാന്‍ഡില്ലാത്തതു മൂലം റോഡരികിലാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്.
ഇതിനെതിരെ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് റോഡരികില്‍ ബസുകള്‍ നിര്‍ത്തിയിടരുതെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില ബസുകളില്‍ നിന്ന് ഫൈന്‍ ഈടാക്കുകയും ചെയ്തു. തുടര്‍ന്ന് ബസ് ജീവനക്കാരോടുള്ള പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ ബ്ലാത്തൂരില്‍ ഹര്‍ത്താല്‍ ആചരിക്കുകയായിരുന്നു. നിലവില്‍ 25ല്‍പ്പരം സ്വകാര്യ ബസുകളാണ് ഇതുവഴി സര്‍വിസ് നടത്തുന്നത്. ബ്ലാത്തൂരില്‍ ടൗണില്‍ എത്തുന്ന റോഡരികിലാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. വഴിയോരത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതു യാത്രക്കാര്‍ കയറാനും ബുദ്ധിമുട്ടാകുന്നു.കൂടാതെ ടൗണില്‍ കാത്തിരിപ്പു കേന്ദ്രങ്ങളുടെ അഭാവവും ആളുകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭൂരിഭാഗം ആളുകളും റോഡുവശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ക്കു മുമ്പിലുമാണ് ബസ് കാത്തുനില്‍ക്കുന്നത്. മഴക്കാലത്ത് യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെയും വൈകിട്ടും മഴയും വെയിലുമേറ്റ് പെരുവഴിയില്‍ ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ശൗചാലയങ്ങള്‍ പോലും ടൗണിലില്ല. നൂറു കണക്കിനാളുകള്‍ ദിവസേന എത്തുന്ന ടൗണില്‍ ബസ് സ്റ്റാന്‍ഡിന്റെ അഭാവം പ്രധാന വെല്ലുവിളിയാകുകയാണ്. ബ്ലാത്തൂരിലെ കടകള്‍ക്ക് നേരെ കുറച്ചു നാളുകളായി സാമൂഹ്യ വിരുദ്ധരുടെ ആക്രമണവുമുണ്ട്. ഇവരാണ് ബസുകള്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെ പരാതി നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."