'ഇ.ഡി അവരുടെ പണി ചെയ്യും ഞാന്‍ എന്റേയും' സമന്‍സുകള്‍ വകവെക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി മഹുവ
ഡല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് പരിഗണിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്നലെ അവര്‍ തന്റെ മണ്ഡലമായ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു.പ്രചാരണത്തില്‍ സജീവമാകാനാണ് അവരുടെ തീരുമാനം. ഇ.ഡി അവരുടേയും താന്‍ തന്റെയും ജോലികള്‍ ചെയ്യും. പ്രചരണം തുടരുമെന്നും മഹുവ കലിയഗഞ്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മണ്ഡലത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജീവമാണ് മഹുവ.
''തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, എന്റെ ജോലി പ്രചാരണമാണ്. ഇ.ഡി അവരുടെ ജോലി ചെയ്യും, ഞാന്‍ എന്റേതും,'' അവര്‍ പറഞ്ഞു. 'ഇ.ഡിക്ക് എന്നെ ഇഷ്ടമാണ്. അവര്‍ എന്നെ പല അവസരങ്ങളിലും സന്ദര്‍ശിച്ചു. സി.ബി.ഐ സംഘവും എത്തി. ഇപ്പോള്‍ ഇ.ഡി വരും.ഇത് ഒരു തുടക്കം മാത്രമാണ്. പ്രധാനമന്ത്രി വരും, അമിത് ഷായും വരും. പല നേതാക്കളും മന്ത്രിമാരും വരും. ഞാന്‍ അവരെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു, സര്‍പൂരിയ (കൃഷ്ണനഗറിലെ പ്രസിദ്ധമായ മധുരപലഹാരം) കഴിക്കാനും എന്റെ വോട്ട് കൂട്ടാനും അവരോട് അഭ്യര്‍ഥിക്കുന്നു'' മഹുവ പറഞ്ഞു.
എന്നാല്‍ ഇ.ഡിയുടെ സമന്‍സ് ലഭിച്ച കാര്യം മഹുവ സമ്മതിച്ചില്ല. അതേസമയം കേന്ദ്ര ഏജന്‍സി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചു.''ഏജന്‍സിയുടെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നീതി തേടി ഞാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇ.ഡിക്കെതിരെ ഹരജി നല്‍കിയിരുന്നു.തുടര്‍ന്ന് ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിക്കുകയും തങ്ങള്‍ ഒന്നും പറയുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ അതിനു ശേഷവും കാര്യങ്ങള്‍ എങ്ങനെ പുറത്തുവന്നു? സമന്‍സിനെക്കുറിച്ച് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെയാണ് വിവരങ്ങള്‍ പരസ്യമായത്?''മഹുവ ചോദിച്ചു. എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയുടെ അമൃത റോയിയെ കടന്നാക്രമിക്കുകയും ചെയ്തു.
ഇഡി സമന്‍സ് അവഗണിച്ച നീക്കം പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് നടന്നതെന്ന് മൊയ്ത്രയോട് അടുപ്പമുള്ള ഒരു തൃണമൂല്‍ നേതാവ് വ്യക്തമാക്കി.'ബിജെപി മേധാവികളുടെ നിര്‍ദേശപ്രകാരം കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ എതിരാളികളെ തീവ്രമായി ഉപദ്രവിക്കുന്ന രീതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണത്'' മഹുവ മൊയ്ത്ര ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്, പക്ഷേ ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല'' നേതാവ് പറഞ്ഞു. സമന്‍സ് അവഗണിച്ചത് കൂടുതല്‍ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്ന് നാദിയയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
ഫെമ ലംഘന കേസിലാണ് ചോദ്യം ചെയ്യുന്നതിനായി മൊയ്ത്രയ്ക്കും ദുബൈ ആസ്ഥാനമായുള്ള വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കും ഇ.ഡി സമന്‍സ് അയച്ചത്. മാര്‍ച്ച് 28 ന് ഹാജരാവാനാണ് ഇ.ഡി നിര്‍ദേശം.ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏജന്‍സിക്ക് നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെ മഹുവയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സമന്‍സ്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനന്ദാനിക്ക് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐ.ഡിയും പാസ് വേര്‍ഡും കൈമാറിയെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."