ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ നേരിടും
ഐപിഎല്‍ ടൂര്‍ണമെന്റിലെ പത്താം മത്സരത്തില്‍ ഇന്ന് ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ നേരിടും. രാത്രി 7 30ന് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ മികച്ച ഫോമിലാണ് ഇരുടീമുകളും ടൂര്‍ണ്ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ബാറ്റ്സ്മാന്മാരുടെ പറുദീസയായ ബാംഗ്ലൂരില്‍ ബൗണ്ടറികള്‍ കുറഞ്ഞ അകലത്തിലാണ്, അതുകൊണ്ടുതന്നെ റണ്‍മല തീര്‍ക്കുന്ന മത്സരമാവും കാണികളെ കാത്തിരിക്കുന്നത്.
ഇരുടീമുകള്‍ക്കും വെടിക്കെട്ട് ബാറ്റ്സ്മാന്മാരുടെ ഒരു നിരതന്നെയുണ്ട്. കോലിയും ഡുപ്ലസിയും കാര്‍ത്തിക്കും അടങ്ങുന്ന ബാംഗ്ലൂര്‍ നിര അതിശക്തമാണ്. മറുവശത്ത് വെസ്റ്റിന്റീസ് താരം ആന്ദ്രേ റസ്സലിന്റെ അക്രമോത്സുക ബാറ്റിംഗാണ് കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്. ബോളര്‍മാരെ ബഹുമാനിക്കാതെ പന്തുകളെ യഥേഷ്ടം അതിര്‍ത്തി കടത്തുന്ന റസ്സലിന്റെ ബാറ്റിംഗ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടതാണ്. ഒപ്പം നിതീഷ് റാണയും ശ്രേയസ് അയ്യരും ഇന്ന് ഫോമിലേക്ക് ഉയര്‍ന്നാല്‍ കൊല്‍ക്കത്തയെ പിടിച്ചുകെട്ടുക എളുപ്പമായിരിക്കില്ല.
കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിങ് സ്ലോട്ടിലേക്ക് സുനില്‍ നരേനെ കൊണ്ടുവന്ന തീരുമാനം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിച്ചിരുന്നു. എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ ഉടനീളം പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ നരേനെതന്നെ കൊല്‍ക്കത്ത വീണ്ടും ആശ്രയിച്ചേക്കും. ചിന്നസ്വാമിയില്‍ ടോസ് നേടുന്ന ടീം ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."