ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ വര്‍ണപ്പട്ടങ്ങള്‍ നിറഞ്ഞു; സമാധാനത്തിന്റെ പുലരി പിറക്കമെന്ന പ്രതീക്ഷയിലേക്ക് പട്ടം പറത്തി കുഞ്ഞുങ്ങള്‍
ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ വര്‍ണപ്പട്ടങ്ങള്‍ പറന്നു. സമാധാനത്തിന്റെ പുലരി പ്രതീക്ഷയുടെ ആകാശത്തിലേക്ക് പട്ടം പറത്താന്‍ നൂറുകണക്കിന് കുഞ്ഞുങ്ങളാണെത്തിയത്. എല്ലാം അവസാനിക്കുമെന്നും ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങുമെന്നുമെന്ന പ്രതീക്ഷയില്‍ സമാധാനത്തിനായി അവരുടെ കുഞ്ഞു കൈകള്‍ ആകാശത്തിലേക്കുയര്‍ന്നു. യുദ്ധം ഭീകരമാക്കിത്തീര്‍ത്ത അവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ ഒരു ചെറുകണികയെങ്കിലുമുണ്ടാവട്ടെ എന്നൊരു ലക്ഷ്യം കൂടിയുണ്ട് ഈ പട്ടം പറത്തലില്‍.
'ഈ ഭീകരാന്തരീക്ഷത്തില്‍ സന്തോഷത്തിന്റെ ഒരു കണിക കൊണ്ടു വരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' ഒരു ഫലസ്തീനി ബാലിക പറയുന്നു. യുദ്ധം ആരംഭിച്ച സമയത്തും ഇതുപോലെ അവിടെ കുട്ടികള്‍ പട്ടം പറത്തിയിരുന്നു.
തലക്കു മീതെ വട്ടമിട്ടു പറക്കുന്ന മരണ വിമാനങ്ങളും തീതുപ്പുന്ന ഡ്രോണുകളും മാത്രമാണ് കഴിഞ്ഞ ആറുമാസത്തോളമായി അവിടുത്തെ കുരുന്നുകള്‍ കാണുന്നത്. വെടിമരുന്ന് മണക്കുന്ന വായുവാണ് അവര്‍ ശ്വസിക്കുന്നത്.പുകനിറഞ്ഞ അന്തരീക്ഷത്തലേക്കാണവര്‍ കണ്ണ് തുറക്കുന്നത്. ബോംബ് സ്‌ഫോടനങ്ങളും വെടിയൊച്ചകളും ഭീതി പടര്‍ത്തുന്നതാണ് അവരുടെ പകലിരവുകളും. ഓരോ സ്‌ഫോടനങ്ങള്‍ ഉയരുമ്പോഴും അവരുടെ കുഞ്ഞുടലുകള്‍ വിറക്കുന്നു. കുഞ്ഞു കണ്ണുകള്‍ നിറയുന്നു. പേടിയകറ്റാനോ ചേര്‍ത്ത് പിടിക്കാനോ അക്കൂട്ടത്തില്‍ പലര്‍ക്കും ഉമ്മമാരും ഉപ്പമാരുമില്ല. കൂടപ്പിറപ്പുകളില്ല. പ്രിയപ്പെട്ടവരാരുമില്ല. വല്ലാത്തൊരു മാനസിക സംഘര്‍ഷത്തിലൂടെയാണ് ആ പൈതങ്ങള്‍ കടന്നു പോവുന്നത്. പലരും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉറക്കമില്ലായ്മ, സംസാരിക്കാതിരിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. പിന്നെ പട്ടിണി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍.
Children flying makeshift kites over tents and shelters - a bittersweet scene amid the war in Gaza.
— UNICEF (@UNICEF) March 24, 2024
We’re doing everything we can to support children but the challenges are immense. They need a humanitarian ceasefire. Now. pic.twitter.com/jvCQDtj6DM
ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന അക്രമങ്ങളില്‍ 32,552 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 74,980 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്. പരുക്കേറ്റവരില്‍ പലരും ഭീകരമായ അവസ്ഥയിലാണ്. ഇത് പുറത്തു വന്ന കണക്കുകള്‍ മാത്രമാണ്. യഥാര്‍ഥ കണക്കുകള്‍ ഇതിലുമെത്രയോ കൂടുതലായിരിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."