വനപാലകരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍
മൂന്നാര്‍: മ്ലാവിനെ കൊന്ന കേസില്‍ പൊലിസ് പീടികൂടി വനപാലകര്‍ക്ക് കൈമാറുകയും തുടര്‍ന്ന് വനപാലകരെ അക്രമിച്ച് രക്ഷപ്പെടുകയും ചെയ്ത പ്രതി പിടിയില്‍.
കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന വെള്ളദുരൈയെന്ന കറുപ്പസ്വാമി (35)യാണ് വനപാലകര്‍ പിടികൂടിയത്. ഇന്നലെ രാവിലെ മൂന്നാര്‍ പെരിയവരൈ എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ 30ന് ആനച്ചാല്‍ തട്ടാത്തിമുക്കില്‍ നിന്നും മ്ലാവിറച്ചിയുമായി പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പ്രസാദിനെ വെള്ളത്തൂവല്‍ പൊലിസ് അറസ്റ്റ് ചെയ്ത് വനപാലകര്‍ക്ക് കൈമാറിയിരുന്നു.
ഇയാളെ ചോദ്യം ചെയ്യവെ കറുപ്പസ്വാമിക്ക് ഇറച്ചി നല്‍കിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കട്ടമലയില്‍ നിന്നും ഓട്ടോയില്‍ കടത്തിയ ഇറച്ചുമായി കറുപ്പസ്വാമി വനപാലകരുടെ പിടിയിലാവുകയും ചെയ്തു.
പ്രതികളുമായി കറുപ്പസ്വാമിയുടെ വീട്ടില്‍ പരിശോധന നടത്തവെ വനപാലകരെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പൊലിസും വനപാലകരും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ടാറ്റാ കമ്പനിയുടെ തെന്മല ഫാക്ടറിയ്ക്ക് സമീപത്തെ വനപ്രദേശങ്ങളില്‍ വേട്ടനായ്ക്കളെ ഉപയോഗിച്ച് മ്ലാവിനെ ആക്രമിച്ച് കുന്തം ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം ഇറച്ചി മൂന്നാറിലെ ചില കടകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.
പ്രസാദിന്റെ നേത്യത്വത്തിലാണ് വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വന്യമ്യഗങ്ങളെ വേട്ടയാടുന്നത്.
28ന് രാത്രി തെന്മലയിലെത്തിയ അഞ്ചുപേരടങ്ങുന്ന സംഘം മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി രാത്രിയോടെ ആനച്ചാല്‍ തട്ടാത്തിമുക്കിലെത്തിക്കുകയായിരുന്നു. പുലര്‍ച്ചെ കറുപ്പസ്വാമിയുടെ ഓട്ടോയില്‍ മൂന്നാറിലെത്തിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."