വഴികുരുക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്നു
കയ്പമംഗലം: പഞ്ചായത്ത് പരിധിയിലെ വഴികുരുക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റുന്നു. മാര്‍ഗ തടസ്സം സൃഷ്ടിക്കുന്ന ബോര്‍ഡുകള്‍, ഗതാഗതക്കുരുക്കുണ്ടാക്കുന്ന ബസ് സ്റ്റോപ്പുകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റിയത്.
മൂന്നുപീടിക സെന്ററില്‍ വാഹനത്തിരക്കിന് ഇടയിലുണ്ടായിരുന്ന വടക്കേ ബസ് സ്റ്റോപ്പ് അല്‍പ്പം കൂടി വടക്കോട്ട് നീക്കി. ഇപ്പോള്‍ കാന്‍സ് തുണിക്കടയുടെ സമീപത്താണ് ബസ് സ്റ്റോപ്. വാഹന ബാഹുല്യത്തിനിടെ ബസുകള്‍ നിര്‍ത്തലും യാത്രക്കാരുടെ കയറ്റിറക്കവും ദുഷ്‌കരമായ സാഹചര്യത്തിലാണ് ഈ നടപടി.
അതുപോലെ കൊപ്രക്കളം സെന്ററില്‍ ഈസ്റ്റ് റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന തെക്കേ ബസ് സ്റ്റോപ് അല്‍പ്പം കൂടി തെക്കോട്ട് ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റി. കിഴക്ക് റോഡില്‍ നിന്ന് വാഹനങ്ങള്‍ ദേശീയപാതയില്‍ ചേരുന്നിടത്ത് തന്നെയുണ്ടായിരുന്ന ബസ് സ്റ്റോപ് അപകട ഭീഷണി ഉയര്‍ത്തുന്നതായിരുന്നു. കാളമുറി സെന്ററില്‍ മസ്ജിദിന്റെ വടക്കു ഭാഗത്തുള്ള ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് പെട്ടി ഓട്ടോകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. വണ്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കവും വഴിത്തടസവും ആയതോടെ പിക്കപ്പ്‌പെട്ടി ഓട്ടോ സ്റ്റാന്‍ഡ് ദേശീയപാതയുടെ കിഴക്ക് ഭാഗത്തേക്ക് മാറ്റി. വാഹനങ്ങള്‍ വരുന്നത് കാണാത്ത വിധം തടസ്സം സൃഷ്ടിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കിയിട്ടുണ്ട്.
പരാതിയെ തുടര്‍ന്ന് ആദ്യം കാളമുറി സെന്ററിലും തുടര്‍ന്ന് മൂന്നുപീടിക, വഴിയമ്പലം, കയ്പമംഗലം12, കൊപ്രക്കളം, പഞ്ചായത്തോഫിസ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് ബോര്‍ഡുകള്‍ നീക്കിയത്. കിഴക്ക്, പടിഞ്ഞാറ് ടിപ്പു സുല്‍ത്താന്‍ റോഡുകളില്‍ തടസങ്ങള്‍ ഉണ്ടെങ്കില്‍ നാട്ടുകാര്‍ പഞ്ചായത്തില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ നടപടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."