മരകൊമ്പ് വീണ് യുവാവ് മരിച്ച സംഭവം ജീവനാംശം ലഭിക്കുന്നതിനെതിരേ പൊതുമരാമത്ത് വകുപ്പ്
എരുമപ്പെട്ടി: റോഡരുകില്‍ നിന്നിരുന്ന മരത്തിന്റെ കൊമ്പ് പൊട്ടിവീണ് മരിച്ച യുവാവിന്റെ മാതാപിതാക്കള്‍ക്ക് ജീവനാംശം ലഭിക്കുന്നതിനെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. കടഭാഗം പൂതലിച്ച് കേടുവന്ന മരകൊമ്പാണ് മകന്റെ ജീവനെടുത്തതെന്ന വാദത്തിനെതിരെ വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടാണ് പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശ കമ്മിഷന് സമര്‍പ്പിച്ചിരിക്കുന്നത്.
വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ പൊറത്തൂര് വീട്ടില്‍ ദേവസി -പ്രേമ ദമ്പതികളാണ് ഏകമകന്‍ സിനോജിന്റെ അപകടമരണത്തെ തുടര്‍ന്ന് ജീവനാംശം ലഭിക്കുന്നതിനായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്. 2015 ഏപ്രില്‍ 27 ന് വൈകീട്ട് 6 മണിക്കാണ് സിനോജിന്റെ ജീവനെടുത്ത അപകടമുണ്ടായത്.
വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിലെ വെള്ളറക്കാട് പ്രദേശത്ത് റോഡരുകില്‍ നിന്നുരുന്ന മരത്തിന്റെ വലിയ കൊമ്പ് ഇത് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിനോജിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് കടഭാഗം ദ്രവിച്ചതാണ് കൊമ്പ് പൊട്ടി വിഴാന്‍ ഇടയാക്കിയത്. തല തകര്‍ന്ന സിനോജ് തല്‍ക്ഷണം മരിച്ചു.
വിവാഹം കഴിഞ്ഞ് ഒമ്പതാമത്തെ ദിവസമാണ് സിനോജിന്റെ ദാരുണമായ അന്ത്യം സംഭവിച്ചത്. ഏക ആശ്രയമായിരുന്ന മകന്റെ മരണത്തോടെ അഗതികളായി മാറിയ വൃദ്ധദമ്പതികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരുലക്ഷം രൂപ ലഭിച്ചിരുന്നു.
കേട് വന്ന മരം മുറിച്ച് നീക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നതിനാല്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് ദേവസി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വസ്തുതകള്‍ മറച്ച് വെച്ച് അപകടം സ്വാഭാവികമാണെന്ന് വിവരിച്ചിട്ടുള്ളത്.
മരത്തിന് കാലപഴക്കം ഉണ്ടെങ്കിലും മരത്തിന്റെ ചില്ലകള്‍ക്ക് ഉണക്കം സംഭവിച്ചില്ലായിരുന്നുവെന്നും മാങ്ങകളുടെ ഭാരംകൊണ്ടാണ് കൊമ്പ് പൊട്ടിവീണത് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പൊട്ടി വീണ മരകൊമ്പിന്റെ കടഭാഗം ദ്രവിച്ച നിലയിലായിരുന്നുവെന്ന് അപകട സ്ഥലം സന്ദര്‍ശിച്ചിരുന്ന ഗ്രാമപഞ്ചായത്ത് അംഗം എല്‍സി ഔസേഫ് പറഞ്ഞു. പിന്നീടും പലതവണ മരത്തിന്റെ കൊമ്പ് പൊട്ടി വീണതിനെ തുടര്‍ന്ന് അധികൃതര്‍ മരം മുറിച്ച് നീക്കിയതും മരത്തിന്റെ കടഭാഗം ദ്രവിച്ച് പോട് രൂപപ്പെട്ടിട്ടുള്ളതും പൊതുമരാമത്ത് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണന്ന ആരോപണം ശരിവെയ്ക്കുന്നതാണ്.
മരത്തിന് കേടുബാധിച്ചത് തന്നെയാണ് അപകടത്തിന് ഇടയാക്കിയത് എന്നുള്ളതിന് കൂടുതല്‍ തെളിവുകള്‍ അടുത്ത സിറ്റിങില്‍ മായി മനുഷ്യാവകാശ കമ്മിഷന് സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് സിനോജിന്റെ വൃദ്ധമാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."