പാളംതെറ്റല്‍: ഉന്നതര്‍ക്ക് രക്ഷ; താഴെയുള്ളവര്‍ക്ക് ശിക്ഷ
തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് കറുകുറ്റിയില്‍ പാളംതെറ്റിയതിന്റെ പാപഭാരം താഴെത്തട്ടിലുള്ള എന്‍ജിനീയര്‍മാരുടെ തലയിലിട്ടു ഉന്നതോദ്യോഗസ്ഥര്‍ കൈകഴുകി രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരം ഷൊര്‍ണൂര്‍ റെയിലുകളില്‍ 202 സ്ഥലങ്ങളില്‍ പാളങ്ങളില്‍ വിള്ളലുകളുണ്ടെന്നു നേരത്തേതന്നെ എന്‍ജിനീയര്‍മാര്‍ റിപ്പോര്‍ട്ടു നല്‍കിയതാണ്. വിള്ളല്‍വന്ന സ്ഥലങ്ങളില്‍ പാളം മാറ്റിയിടാനായി എത്തിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്നു റെയില്‍വേ ഒഴിഞ്ഞുമാറുകയായിരുന്നു. കൂടുതല്‍പ്പേരെ ഇനിയും സസ്‌പെന്‍ഡ് ചെയ്യുമെന്നാണു പറയപ്പെടുന്നത്. രക്ഷപ്പെടാനുള്ള ഉന്നതോദ്യോഗസ്ഥരുടെ വ്യഗ്രത അപലപനീയമാണ്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ റെയില്‍പ്പാളങ്ങളുടെ അവസ്ഥ പരിശോധിക്കാനും അടിയന്തര നടപടി സ്വീകരിക്കാനുമായി റെയില്‍വേ ബോര്‍ഡ് അംഗം എ.കെ മീത്തല്‍ സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കുകയാണ്. അപകടത്തിനു കാരണക്കാര്‍ ആരെന്നു കണ്ടെത്തി നടപടിയെടുക്കുമെന്നു ബോര്‍ഡ് ചെയര്‍മാന്‍ ഭര്‍തൃഹരി മെഹ്താബ് പറയുന്നു. എന്നാല്‍ ഉന്നതര്‍ക്കെതിരേ നടപടിയുണ്ടാകുന്ന സാധ്യത കുറവാണ്. റെയില്‍വേ സുതാര്യമാണെന്നു പറയാറുണ്ടെങ്കിലും പല നടപടികളും രഹസ്യമായിട്ടാണു നടക്കുന്നത്. മന്ത്രാലയത്തിന്റെ പൂര്‍ണാധികാരത്തിനു കീഴിലുള്ള റെയില്‍വേയില്‍ റെയിവേ മന്ത്രിമാര്‍ക്കുപോലും കാര്യമായ സ്ഥാനമില്ലെന്നതാണ് അവസ്ഥ.
പെരുമണ്‍ ദുരന്തമുണ്ടായപ്പോള്‍ കായലില്‍ ചുഴലിക്കാറ്റുണ്ടായതാണു കാരണമെന്നു കണ്ടെത്തിയ 'വിദഗ്ധ'രായിരുന്നു റെയില്‍വേ ഉന്നതര്‍. അതിനാല്‍ത്തന്നെ കറുകുറ്റിയില്‍ പാളംതെറ്റിയതിന്റെ ബലിയാടുകള്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരാവാനാണു സാധ്യത. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയില്‍ 15 ഇടങ്ങളില്‍ റെയിലിനു ബലക്ഷയമുണ്ടെന്നും 30 ഇടങ്ങളില്‍ പാളം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് എന്‍ജിനിയര്‍മാര്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കു നേരത്തേതന്നെ റിപ്പോര്‍ട്ടു നല്‍കിയതാണ്.
ഈ റിപ്പോര്‍ട്ട് ഉന്നതോദ്യോഗസ്ഥര്‍ അവഗണിച്ചു. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ ബോര്‍ഡിനു ശുപാര്‍ശ നല്‍കിയാല്‍ ഉടന്‍തന്നെ കംപ്യൂട്ടര്‍വഴി അതു ചെയര്‍മാനു കാണാന്‍ കഴിയും. നടപടിയെടുക്കേണ്ടവര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതിനാലാണു കറുകുറ്റി ദുരന്തമുണ്ടായത്. ഭാഗ്യംകൊണ്ടാണ് വന്‍ദുരന്തം സംഭവിക്കാതിരുന്നത്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാതയില്‍ 202 സ്ഥലങ്ങളില്‍ റെയിലില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ ഏതുസമയത്തും അപകടമുണ്ടാകാമെന്ന് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടുണ്ടായിട്ടുപോലും ബോര്‍ഡ് ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ല.
ജനങ്ങളുടെ സുരക്ഷയല്ല, ലാഭമാണു പ്രധാനമെന്ന മാനദണ്ഡം റെയില്‍വേയില്‍ വന്നതിനാല്‍ കൂടുതല്‍ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്നു. സമയനിഷ്ഠ പാലിക്കാന്‍ ബദ്ധപ്പെടുന്ന റെയില്‍വേ ബോര്‍ഡ് സുരക്ഷയ്ക്കു വലിയ സ്ഥാനം കല്‍പ്പിക്കുന്നില്ല. കൂടുതല്‍ ലാഭംകിട്ടുന്നതിലാണു റെയില്‍വേയുടെ നോട്ടം. ജനങ്ങളുടെ സുരക്ഷ ഇവിടെ പ്രശ്‌നമേയല്ല. തകര്‍ന്നപാളങ്ങളിലൂടെയാണു ജനങ്ങള്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദൈവാധീനം കൊണ്ടാണു യാത്രക്കാര്‍ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
സുരക്ഷിതയാത്രയെന്ന ബോധ്യത്താലാണ് ആളുകള്‍ റെയില്‍വേയെ ആശ്രയിക്കുന്നത്. കറുകുറ്റിക്കുശേഷം ആ ധാരണയ്ക്കാണ് ഇളക്കംതട്ടിയിരിക്കുന്നത്. ദേശീയ ഐക്യത്തിന്റെ പ്രതീകംകൂടിയായ റെയില്‍വേ സുരക്ഷിതമാക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളില്‍ ഒരുദിവസം രണ്ടുകോടിപേര്‍ യാത്രചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ അതിരുകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ശൃംഖലകൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. കോടികളാണു റെയില്‍വേയ്ക്ക് ഇതുവഴി വരുമാനം കിട്ടിക്കൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യന്‍ റെയില്‍വേയെ ഏറ്റവുംകൂടുതല്‍ വിശ്വസ്ഥതയോടെ സമീപിക്കുന്ന കേരളീയര്‍ക്കാണു റെയില്‍വേയില്‍നിന്നു കൂടുതല്‍ അവഗണന. കൃത്യമായി ടിക്കറ്റെടുത്തു സഞ്ചരിക്കുന്ന കേരളീയരെ ബജറ്റ് അവതരണവേളകളിലെല്ലാം തട്ടിയകറ്റുകയാണ്. ബജറ്റില്‍ കേരളത്തിന് ഒന്നുംനല്‍കാതിരിക്കുവാന്‍ റെയില്‍വേ ബോര്‍ഡും മന്ത്രാലയവും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
മന്ത്രിമാര്‍ അതു പാര്‍ലമെന്റില്‍ കൃത്യമായി വായിക്കാറുമുണ്ട്.
കേരളം റെയിലുകള്‍ മാറ്റേണ്ടതിന്റെ ആവശ്യം ഉന്നയിക്കുമ്പോള്‍ ദേശീയാടിസ്ഥാനത്തില്‍ മാത്രമേ മാറ്റങ്ങള്‍ വരുത്താനാകൂവെന്നാണു ന്യായം. കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കുമനുസരിച്ച് ഈ ന്യായം ഒട്ടും നീതീകരിക്കാനാവില്ല. ഒരു റെയിലിന്റെ ഭാരം വഹിക്കാനുള്ള കരുത്ത് 450 ഗ്രോസ് മെട്രിക് ടണ്‍ ആണ്. ഇത് 250 ആകുമ്പോഴേക്കും കേടാവുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അധികൃതര്‍ ഇതുവരെ ആലോചിച്ചിട്ടില്ല. ഗുണനിലവാരത്തിന്റെ പ്രശ്‌നമാണോ, കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പാളങ്ങളെ ബാധിക്കുന്നുണ്ടോ എന്നൊന്നും റെയില്‍വേ ബോര്‍ഡ് അന്വേഷിക്കുന്നില്ല.
റെയിലുകളുടെ ഗതാഗതസാന്ദ്രത കേരളത്തില്‍ കൂടുതലാണ്. ഓരോ പത്തുമിനിറ്റിലും ഒരു വണ്ടി കടന്നുപോകുമ്പോള്‍ റെയിലുകള്‍ക്കു ബലക്ഷയമുണ്ടാകും. പത്തുമിനിറ്റിനുള്ളില്‍ ചെയ്യാവുന്ന അറ്റകുറ്റപണികള്‍ക്കു പരിമതികളുണ്ട്
.
വിള്ളലുകളുണ്ടെന്നറിഞ്ഞിട്ടും ആ പാതയിലൂടെ വണ്ടി ഓടിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു ജീവനക്കാര്‍. യാത്രക്കാരുടെ ജീവന്‍വച്ചാണ് ഈ മരണയോട്ടം. കുറുകുറ്റിയിലെ പാളംതെറ്റലുണ്ടായിരുന്നില്ലെങ്കില്‍ കേരളത്തിലെ വിള്ളല്‍ ബാധിച്ച റെയിലുകളിലൂടെ വണ്ടിയോടിക്കാന്‍ സമ്മതംകൊടുത്തതു ജനം അറിയില്ലായിരുന്നു. ഇതിനെതിരേ ജനപ്രതിനിധികളും ജനങ്ങളും പ്രതിഷേധിക്കേണ്ടതുണ്ട്.
കേരളത്തിനു റെയില്‍വേ സോണ്‍ അനുവദിച്ചുകിട്ടേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണു കറുകുറ്റി ദുരന്തം വിരല്‍ചൂണ്ടുന്നത്. സോണ്‍ അനുവദിക്കുന്നതിലൂടെ മാത്രമേ കേരളത്തിനാവശ്യമായ പണം കിട്ടൂ. അതുവഴി അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയും. കൃത്യമായ നിരീക്ഷണമോ പഠനമോ നടത്താത്ത എന്‍ജിനിയര്‍മരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച ഉന്നതോദ്യോഗസ്ഥരും റെയില്‍വേ ബോര്‍ഡും തന്നെയാണ് കുറുകുറ്റി ദുരന്തത്തിലെ പ്രധാനപ്രതികള്‍. അവര്‍ക്കെതിരേ നടപടി ഉണ്ടാകുമോ എന്നതാണ് കാതലായ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."