അനധികൃത വയര്‍ലെസ് സെറ്റ്; പത്മനാഭസ്വാമിക്ഷേത്രത്തില്‍ റെയ്ഡ്
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യുട്ടിവ് ഓഫിസറുടെ ഓഫിസില്‍ പൊലിസ് റെയ്ഡ്. അനധികൃതമായി 16 വയര്‍ലെസ് സെറ്റുകള്‍ കൈവശം വച്ചുവെന്ന ഭരണസമിതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ക്ഷേത്രഭരണ സമിതിയുടേയോ സുപ്രിം കോടതിയുടേയോ അനുമതിയില്ലാതെ സൂക്ഷിച്ചിരിക്കുന്ന വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കണമെന്ന് നേരത്തേ ക്ഷേത്ര ഭരണ സമിതി അദ്ധ്യക്ഷന്റെ ചുമതലകൂടി വഹിക്കുന്ന ജില്ലാ ജഡ്ജ് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് കാര്യാലയത്തില്‍ റെയ്ഡ് നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്.
എന്നാല്‍ പൂട്ടിക്കിടന്ന എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍ സതീഷിന്റെ മുറി തുറക്കാന്‍ ജീവനക്കാര്‍ പൊലിസിനെ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് റെയ്ഡ് തടസപ്പെട്ടു. വയര്‍ലെസ് സെറ്റ് എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കാനാണ് ഇവ വാങ്ങിയതെന്ന് എക്‌സിക്യൂട്ടിവ് ഓഫിസറുടെ ഓഫിസ് അറിയിച്ചു. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ പോലും വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ക്കുമാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തത് നീതികേടാണെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത വയര്‍ലെസ് സെറ്റുകളാണ് എക്‌സിക്യുട്ടിവ് ഓഫിസറുടെ നേതൃത്വത്തില്‍ വാങ്ങിയതെന്നാണ് ഭരണ സമിതി ആരോപിക്കുന്നത്.
അതീവ സുരക്ഷയുള്ള ക്ഷേത്രത്തില്‍ അനധികൃത വയര്‍ലെസ് സെറ്റുകളുടെ ഉപയോഗം സുരക്ഷാ വീഴചയ്ക്കിടയാക്കുമെന്ന ഭരണ സമിതിയുടെ പരാതിയെ തുടര്‍ന്നാണ് ജില്ലാ ജഡ്ജി ഇവ പിടിച്ചെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. ഇന്നലെ പണിമുടക്കായതിനാല്‍ റെയ്ഡ് തുടരാന്‍ കഴിയാത്തതിനാല്‍ ഇന്നും നടപടി തുടരാനാണ് പൊലിസ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."