ഗണേശോത്സവം: കണ്ണൂരില്‍ സ്ഥിതി സ്‌ഫോടനാത്മകമെന്ന് റിപ്പോര്‍ട്ട്
കണ്ണൂര്‍: ഈമാസം അഞ്ചിനാരംഭിക്കുന്ന വിനായക ചതുര്‍ഥിയാഘോഷത്തിനിടെ കണ്ണൂരില്‍ പരക്കെ അക്രമമുണ്ടാകാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണവകുപ്പിന്റെ റിപ്പോര്‍ട്ട്. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ബാലഗോകുലം നടത്തിയ ശോഭായാത്രയും സി.പി. എം നടത്തിയ നമ്മളൊന്ന് നവോഥാന ഘോഷയാത്രയും ഉയര്‍ത്തിയ തീയും പുകയും ഇനിയും ജില്ലയില്‍ അടങ്ങിയിട്ടില്ല.
ഇതിനു തൊട്ടുപിന്നാലെയാണ് വിനായക ചതുര്‍ഥിയും വരുന്നത്. 5,6,7 തീയതികളില്‍ ഇക്കുറി അന്‍പതു കേന്ദ്രങ്ങളിലാണ് ഗണേശോത്സവം സംഘടിപ്പിക്കുന്നത്. ഇതിനായി മിക്കയിടത്തും പന്തലൊരുങ്ങി കഴിഞ്ഞു. താളിക്കാവ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗണേശസേവാസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എട്ടിന് രാത്രി എട്ടുമണിയോടെ താളിക്കാവില്‍ സംഗമിക്കുന്ന ഗണേശവിഗ്രഹങ്ങള്‍ പയ്യാമ്പലത്ത് നിമജ്ജനം ചെയ്യും.
ഗണേശസേവാസമിതിയുടെ ബാനറില്‍ പരിവാര്‍ സംഘടനകളാണ് വിനായക ചതുര്‍ഥിയാഘോഷത്തിന്റെ ചുക്കാന്‍പിടിക്കുന്നത്. ആര്‍. എസ്. എസിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് മിക്കയിടത്തും നടക്കുന്നത്. സി. പി. എം കേന്ദ്രങ്ങളില്‍വരെ ഇക്കുറി ഗണേശവിഗ്രഹങ്ങള്‍ പൂജിക്കുന്നുണ്ട്. വിശ്വഹിന്ദുപരിഷത്ത് നേതാവ് കെ.പി ശശികല കണ്ണൂരില്‍ വിവിധയിടങ്ങളില്‍ പ്രസംഗിക്കുന്നുണ്ട്. ഗണേശോത്സവവേദികളില്‍ ആര്‍. എസ്. എസ്, വി. എച്ച്.പി നേതാക്കളെത്തിആനുകാലിക സാമൂഹികവാസ്ഥകളും ഹിന്ദുസമുദായവുമെന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്കു ബദലായി സി. പി. എം ബക്കളത്തു നടത്തിയ നമ്മളൊന്നു ഘോഷയാത്രയ്ക്കിടെ അവതരിപ്പിക്കപ്പെട്ട തിടമ്പു നൃത്തത്തിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കെ.പി ശശികലയടക്കമുള്ള നേതാക്കളെയിറക്കി പ്രശ്‌നം സജീവമായി നിലനിര്‍ത്താനാണ് പരിവാറിന്റെ ശ്രമം. തളിപ്പറമ്പില്‍ നേരത്തെ നടത്തിയ പ്രതിഷേധപരിപാടിയില്‍ സ്വാമി ചിദാനന്ദപുരിയടക്കമുള്ള സന്ന്യാസികളെ സംഘ്പരിവാര്‍ ഇറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."