ബാങ്കുകള്‍ നിലപാട് പുന:പരിശോധിക്കണമെന്ന് വ്യവസായമന്ത്രി
തിരുവനന്തപുരം: ജനങ്ങളുടെ താല്‍പര്യം പരിഗണിക്കാത്ത ദേശസാല്‍കൃത ബാങ്കുകള്‍ നിലപാട് പുന:പരിശോധിക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രി ഇ.പി ജയരാജന്‍. തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രത്തില്‍ നടന്ന ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നവസംരംഭകര്‍ക്ക് വായ്പ നിഷേധിക്കുന്ന ദേശസാല്‍കൃത ബാങ്കുകളുടെ നിലപാട് ദേശവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടില്‍ സംരംഭം തുടങ്ങാന്‍ വലിയ ആശയങ്ങളുമായെത്തുന്ന ചെറുപ്പക്കാരെ നിരാശരാക്കുന്ന നടപടികളില്‍നിന്ന് ബാങ്കുകള്‍ പിന്തിരിയണം. ഇല്ലെങ്കില്‍ ആ സ്ഥാനം സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനകീയമായിക്കഴിഞ്ഞ സഹകരണപ്രസ്ഥാനം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായരംഗത്ത് കാതലായ മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കും. പൊതുമേഖലാ സംരംഭങ്ങളെ മാത്രമല്ല, സ്വകാര്യമേഖലയിലെ സംരംഭങ്ങളെയും ശക്തിപ്പെടുത്തേണ്ട സ്ഥാപനങ്ങളാണ് വ്യവസായകേന്ദ്രങ്ങള്‍. ഇപ്പോഴുള്ളതിന്റെ അന്‍പതുശതമാനമെങ്കിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടര്‍ പി.എം ഫ്രാന്‍സിസ്, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ രമേഷ് ചന്ദ്രന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."