കശുവണ്ടി വ്യവസായം സംരക്ഷിക്കാന്‍ 700 കോടി
തിരുവനന്തപുരം: കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ 700 കോടി രൂപയുടെ പുത്തന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. തോട്ടണ്ടി ലഭ്യത ഉറപ്പാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ കശുമാവിന്‍ കൃഷി തുടങ്ങാനാണ് പദ്ധതി.
ഇക്കാര്യത്തില്‍ ആന്ധ്രാപ്രദേശുമായി കേരളം ധാരണയായി. തോട്ടണ്ടിയുടെ ലഭ്യതക്കുറവാണ് കശുവണ്ടി വ്യവസായം നേരിടുന്ന പ്രധാനപ്രതിസന്ധി. നിലവില്‍ വിദേശത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലായി 50,000 ഹെക്ടര്‍ സ്ഥലം 99 വര്‍ഷത്തേക്ക് കേരളം പാട്ടത്തിനെടുക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആന്ധ്ര കൃഷി മന്ത്രിയുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
200 കോടി രൂപ ആദ്യഘട്ടത്തില്‍ ഹോര്‍ട്ടികോര്‍പ്പ് വഴി കേന്ദ്രസഹായം ലഭ്യമാക്കും.
അന്തിമപ്രഖ്യാപനം ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമുണ്ടാകും. രാജ്യത്തിന് പുറത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ വിദേശനാണ്യവിനിമയത്തിലെ നഷ്ടം പരിഹരിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."