മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; അഭിഭാഷകര്‍ക്കെതിരേ ജാമ്യമില്ലാ കേസ്
ആലപ്പുഴ: ജില്ലാക്കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖിക ശരണ്യയെയും ഡ്രൈവര്‍ ആഷിക്കിനെയും ആക്രമിച്ച സംഭവത്തില്‍ നാല് അഭിഭാഷകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തി ആലപ്പുഴ നോര്‍ത്ത് പൊലിസ് കേസെടുത്തു. ഇതിനിടെ, ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരണ്യയെ ഇന്നലെ വൈകിട്ട് കോടതി വളപ്പിലേക്കു വിളിച്ചു വരുത്തുകയും വനിതാ പൊലിസിന്റെ അസാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തത് വിവാദമായി. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഉള്‍പ്പെടെ നാലു വകുപ്പുകളാണ് അഭിഭാഷകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലോടെയാണ് ശരണ്യയെയും ആഷിക്കിനെയും കോടതിയിലേക്കു പൊലിസ് വിളിച്ചു വരുത്തിയത്. സി.ഐ ഉള്‍പ്പെടെ നാലു പൊലിസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും വനിതാ പൊലിസ് ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ നിന്ന് കോടതിയിലെത്തിയ ശരണ്യയും ആഷിക്കും പൊലിസിനു മൊഴി നല്‍കുന്നത് അഭിഭാഷകരില്‍ ചിലര്‍ കാമറയില്‍ പകര്‍ത്തി. അതിക്രമത്തിന് ഇരയായ സ്ത്രീയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് നിയമവിരുദ്ധമാണെന്നത് അവഗണിച്ചായിരുന്നു പൊലിസിന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."