ജൈവജാതികളില്‍ പകുതിയും വംശനാശ ഭീഷണിയില്‍: പി.കെ ഉത്തമന്‍
കല്‍പ്പറ്റ: ഭൂമിയിലെ ജൈവജാതികളില്‍ പകുതിയും വംശനാശ ഭീഷണിയിലാണെന്ന് ശാസ്ത്ര സാഹിത്യകാരനും പ്രമുഖ പക്ഷിനിരീക്ഷകനുമായ പി.കെ ഉത്തമന്‍.
സഞ്ചാരിപ്രാവിന്റെ വംശനാശത്തിന്റെ 102ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റ്, വയനാട് പ്രസ് ക്ലബ്ബ്, വയനാട് പ്രകൃതി സംരക്ഷണ സമിതി, കെ ജയചന്ദ്രന്‍ അനുസ്മരണ സമിതി എന്നിവ സംയുക്തമായി എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ 'വംശനാശവും ജീവന്റെ ഭാവിയും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തോതില്‍ പോയാല്‍ ഈ നൂറ്റാണ്ടില്‍ ത്തന്നെ ജൈവജാതികളില്‍ പകുതിയും വംശനാശമടയും. 'പശ്ചിമഘട്ടത്തിലെ വംശനാശം' എന്ന വിഷയത്തില്‍ പ്രൊഫ. ഇ കുഞ്ഞികൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. ഐ.യു.സി.എന്‍ ഹോട്‌സ്‌പോടായി പ്രഖ്യാപിച്ച 35 കേന്ദ്രങ്ങളിലാണ് ഭൂമിയിലെ ജൈവ വൈവിധ്യത്തില്‍ 50 ശതമാനവും. ലോകത്തെ എട്ട് ഹോട്ടസ്റ്റ് ഹോട്‌സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം. ലോകത്ത് മറ്റെവിടെയും കാണാത്ത സസ്യ-ജന്തുജാതികളുടെ കേദാരമാണ് പശ്ചിമഘട്ട മുടികളിലെ കുറിഞ്ഞിപൂക്കും പുല്‍മേടുകളും ഷോലകളും. വയനാട്-കുടക് അതിര്‍ത്തിയിലെ ബ്രഹ്മഗിരിയിലെ ധാരാളം ജൈവജാതികള്‍ അതിനു തെക്കോട്ട് കാണുന്നില്ല.
അദ്വിതീയമായ ഇത്തരം ആവാസവ്യവസ്ഥകള്‍ക്ക് ചെറിയ പോറല്‍ ഏല്‍പ്പിക്കുന്നതുപോലും മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ ഷജ്‌ന കരിം അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."