ഇന്ത്യക്കിന്ന് പ്യുര്‍ട്ടോ റിക്കോ ചലഞ്ച്
മുംബൈ: സ്വന്തം തട്ടകത്തില്‍ ജയം പ്രതീക്ഷിച്ച് ഇന്ത്യ ഇന്നു പ്യുര്‍ട്ടോ റിക്കോയെ നേരിടും. ഇന്ത്യയെ സംബന്ധിച്ച് കരുത്തരായ എതിരാളികളാണ് പ്യുര്‍ട്ടോ റിക്കോ. മുംബൈയിലെ പുതുക്കി പണിത ഫുട്‌ബോള്‍ അരീന സ്റ്റേഡിയത്തില്‍ ഫിഫ റാങ്കിങിലെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. 60 വര്‍ഷത്തിനു ശേഷമാണ് ഈ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 1955ല്‍ ഇന്ത്യ-യു.എസ്.എസ്.ആര്‍ മത്സരമാണ് ഇവിടെ അവസാനമായി നടന്ന അന്താരാഷ്ട്ര മത്സരം. മത്സരത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയെ നായക സ്ഥാനത്തു നിന്നു മാറ്റിയിട്ടുണ്ട്. ഗുര്‍പ്രീത് സിങ് സന്ധുവാണ് പുതിയ ക്യാപ്റ്റന്‍. യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഗോള്‍ കീപ്പിങ് മികവുമാണ് സന്ധുവിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിനു പിന്നില്‍. അതേസമയം നിലവിലെ ഗോള്‍ കീപ്പറും ടീമിലെ സീനിയര്‍ താരവുമായി സുബ്രതോ പാല്‍ പുറത്തിരിക്കും.
പ്യുര്‍ട്ടോ റിക്കോ കരുത്തരായ ടീമാണെന്നും അവരെ വിലകുറച്ചു കാണില്ലെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ഇറാനെതിരേയും തുര്‍ക്‌മെനിസ്ഥാനെതിരേയും തോല്‍വി വഴങ്ങിയ ഇന്ത്യ തുടരെ മൂന്നു വമ്പന്‍ ജയങ്ങള്‍ ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. ലാവോസിനെ ഹോം- ഏവേ മത്സരങ്ങളില്‍ തോല്‍പ്പിച്ച ഇന്ത്യ ഭൂട്ടാനെ എതിരില്ലാത്ത മൂന്നു ഗോളിനു തകര്‍ത്തിരുന്നു. പ്യുര്‍ട്ടോ റിക്കോയ്ക്ക് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പരിചയമുണ്ട്. ഇന്ത്യന്‍ നിരയില്‍ മിക്കവരും 23 വയസില്‍ താഴെയുള്ളവരാണ്. അതേസമയം ഛേത്രിയുടെ പരുക്ക് കാര്യമുള്ളതല്ലെന്ന് കോച്ച് സൂചിപ്പിച്ചു. മത്സരത്തില്‍ ടീമിന്റെ മുന്നേറ്റങ്ങളെ ഛേത്രി നയിക്കും.
പ്രതിരോധ നിര കൂടുതല്‍ ശക്തിപ്പെട്ടുത്തിയിട്ടുണ്ട് ഇന്ത്യ. സന്ദേശ് ജിങ്കാന്‍, അര്‍നാബ് മൊണ്ഡല്‍, നാരായണ്‍ ദാസ്, റിനോ ആന്റോ എന്നിവര്‍ ഇന്ത്യയുടെ പ്രതിരോധക്കോട്ട കാക്കും. മധ്യനിരയില്‍ പ്രാണോയ് ഹാള്‍ഡര്‍, യൂജിന്‍സന്‍ ലിങ്‌ദോ, ജാക്കിചന്ദ് സിങ് , സൂമിത് പാസ്സി എന്നിവരുണ്ടാവും. മുന്നേറ്റത്തില്‍ ഛേത്രിക്കൊപ്പം ജെജെ ലാല്‍പെഖുലെ കളിക്കും.
പ്യുര്‍ട്ടോ റിക്കോ കോച്ച് കാര്‍ലോസ് കാന്‍ഡാറെറോ ടീമിനൊപ്പം ഇന്ത്യയിലെത്തിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കോച്ച് വിട്ടു നില്‍ക്കുന്നത് ടീമിനു തിരിച്ചടിയാണ്. സുപ്രധാന താരങ്ങളായ ഹെക്ടര്‍ റാമോസ്, യോര്‍ഗെ റിവേര, ജോസഫ് മരേരോ എന്നിവരും കളിക്കുന്നില്ല. ഈ മൂന്നു താരങ്ങളും ക്ലബ് മത്സരങ്ങള്‍ നടക്കുന്നതിനാലാണ് വിട്ടു നില്‍ക്കുന്നത്. ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ റാമോസിന്റെ അഭാവം ടീമിനു കനത്ത നഷ്ടമാണ്. വിങര്‍ ജെറെമി ഹില്‍ അവസാന നിമിഷം പിന്‍മാറിയിട്ടുണ്ട്. പ്രധാന താരങ്ങളുടെ അഭാവത്തില്‍ മാര്‍കോസ് മാര്‍ട്ടിനസ്, ജേക്കബ് കോന്‍ഡെ, അലക്‌സിസ് റിവേര, ഇമ്മാനുവല്‍ ഡി ആന്‍ഡ്രിയ, ക്രിസ്റ്റഫര്‍ അലക്‌സാന്‍ഡര്‍ എക്കവാരിയ എന്നിവര്‍ മികവിലേക്കുയര്‍ന്നാല്‍ മാത്രമേ ടീമിനു കാര്യമായ മുന്നേറ്റം സാധ്യമാകു. ഫിഫ റാങ്കിങില്‍ 114ാം സ്ഥാനത്താണ് ടീം. അടുത്തിടെ ശ്രദ്ധേയമായ ജയങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലെങ്കിലും അമേരിക്കയ്‌ക്കെതിരേയും ഡൊമിനിക്കന്‍ റിപബ്ലിക്കിനെതിരേയും ഗോള്‍ നേടാനായത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."