ലോകകപ്പ് യോഗ്യത: മെസ്സിയുടെ മികവില്‍ അര്‍ജന്റീന
മെന്‍ഡോസ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍മാരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. എന്നാല്‍ കോപ്പ അമേരിക്ക ജേതാക്കളായ ചിലി അപ്രതീക്ഷിത തോല്‍വി വഴങ്ങി.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിയെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചു വന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വെയെയാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ടീമിന്റെ വിജയ ഗോള്‍ നേടിയതും മെസ്സിയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും പ്രതിരോധത്തിലാണ് കളിച്ചത്. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചത്. മെസ്സി തന്നെയാണ് മുന്നേറ്റങ്ങളെ നയിച്ചത്. താരത്തിന്റെ മികച്ചൊരു ഫ്രീകിക്ക് ഉറുഗ്വെ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. തൊട്ടുപിന്നാലെ ഉറുഗ്വെ താരം മത്യാസ് കൊറുജോയ്ക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും അര്‍ജന്റൈന്‍ പ്രതിരോധം അപകടം ഒഴിവാക്കി. ആദ്യ പകുതിയില്‍ ഇതല്ലാതെ മറ്റു മുന്നേറ്റങ്ങള്‍ക്കൊന്നും ഉറുഗ്വെ ശ്രമിച്ചില്ല. എന്നാല്‍ അര്‍ജന്റീന കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ഉറുഗ്വെയെ ഞെട്ടിച്ചു കൊണ്ടിരുന്നു.
പൗലോ ഡൈബാല മികച്ചൊരു മുന്നേറ്റത്തിലൂടെ ഉറുഗ്വെ പ്രതിരോധത്തെ മറികടന്നെങ്കിലും താരത്തിന്റെ ഷോട്ട് ബാറില്‍ തട്ടി മടങ്ങി. വൈകാതെ മെസ്സി തൊടുത്ത ഷോട്ട് ജോസ് മരിയ ജിമെനസ് തടയുകയും ചെയ്തു. രണ്ടു മിനുട്ടുകള്‍ക്ക് ശേഷമാണ് മെസ്സി അര്‍ജന്റീനയുടെ ജയമുറപ്പിച്ച ഗോള്‍ നേടിയത്. മധ്യനിരയില്‍ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ മെസ്സി പെനാല്‍റ്റി ബോക്‌സിന് പുറത്ത് വച്ച് തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. അര്‍ജന്റീനയ്ക്കായി മെസ്സിയുടെ 56ാം ഗോളായിരുന്നു ഇത്. ആദ്യ പകുതിയുടെ അധിക സമയത്ത് കൊറുജോയെ വീഴ്ത്തിയതിന് ഡൈബാലയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ അര്‍ജന്റീന പത്തു പേരായി ചുരുങ്ങി. രണ്ടാം പകുതിയില്‍ ടീമിന്റെ മുന്നേറ്റങ്ങളെ ഇതു ബാധിക്കുകയും ചെയ്തു. മുന്നേറ്റം കൊണ്ട് ഉറുഗ്വെ രണ്ടാം പകുതിയില്‍ മികച്ചു നിന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല.
ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസവുമായിറങ്ങിയ ബ്രസീല്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് വീഴ്ത്തിയത്. ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ സൂപ്പര്‍ താരം നെയ്മര്‍ സ്വന്തമാക്കി. മുന്നേറ്റം കൊണ്ട് ബ്രസീല്‍ മികച്ചു നിന്നെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 76ാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. ഇക്വഡോര്‍ താരം അലക്‌സാന്‍ഡര്‍ ഡോമിന്‍ഗസ് ഗബ്രിയേല്‍ ജീസസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മറാണ് ടീമിന്റെ അക്കൗണ്ട് തുറന്നത്. പിന്നീട് 87, 90 മിനുട്ടുകളിലായിരുന്നു ഗബ്രിയേലിന്റെ ഇരട്ട ഗോളുകള്‍.
അതേസമയം കോപ്പ അമേരിക്ക ജേതാക്കളായ ചിലിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാഗ്വെയാണ് അട്ടിമറിച്ചത്. ഓസ്‌കര്‍ റൊമേറോ, പൗലോ ഡാ സില്‍വ എന്നിവരുടെ ഗോളില്‍ ആദ്യ 10 മിനുട്ട് കൊണ്ട് ലീഡെടുക്കാന്‍ പരാഗ്വെയ്ക്ക് സാധിച്ചു. 36ാം മിനുട്ടില്‍ ആര്‍തുറോ വിദാല്‍ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."