സി.പി.എം കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇ.പിക്കും ദിവ്യയ്ക്കും രൂക്ഷവിമര്‍ശനം; സെക്രട്ടറിയായി എം.വി ജയരാജന്‍ തുടര്‍ന്നേക്കും
കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യയ്ക്കും രൂക്ഷ വിമര്‍ശനം. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇ.പി ജയരാജനില്‍ നിന്ന് തുടര്‍ച്ചയായി സംഭവിക്കുന്നുവെന്നും ഇടപെടുന്ന വിഷയങ്ങളില്‍ വലിയ ജാഗ്രതക്കുറവുണ്ടാകുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പു ദിവസം ഇ.പി ജയരാജന്‍ വെളിപ്പെടുത്തിയത് കടുത്ത വീഴ്ചയാണ്. ഇത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പു നാളില്‍ ഇ.പിയുടേതായി പുറത്തുവന്ന ആത്മകഥാ ഭാഗങ്ങളും പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കി. ഇ.പിയെ പോലുള്ള മുതിര്‍ന്ന നേതാവിന് നിരന്തരം വീഴ്ചകള്‍ സംഭവിക്കുന്നത് പാര്‍ട്ടിയെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കാനിടയാക്കും. വീഴ്ചയുടെ ഭാഗമായുള്ള നടപടികളുടെ പേരില്‍ അടിക്കടി പിണങ്ങുന്നതും പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ബാലിശമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി.പി ദിവ്യക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതായി പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. സദുദ്ദേശ്യപരമെന്ന് ന്യായം പറയാമെങ്കിലും ദിവ്യയുടെ അനവസരത്തിലുള്ള ഇടപെടല്‍ അനുചിതമാണ്. അപക്വവും വരുംവരായ്കകളെക്കുറിച്ചു തിരിച്ചറിവില്ലാത്തതുമായ പ്രവൃത്തികളാണ് ദിവ്യയില്‍നിന്നുണ്ടായത്.
പാരിസ്ഥിതിക വിഷയങ്ങളില്‍ പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകലുന്നതായും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ജനപക്ഷത്തല്ലെന്ന പ്രതീതി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. പരിസ്ഥിതി ഉള്‍പ്പെടെയുള്ള പ്രാദേശിക വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ ഇടപെടുമ്പോള്‍ കണിശമായ ജാഗ്രത പാലിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സംഭവിച്ച ന്യൂനപക്ഷ വോട്ടു ചോര്‍ച്ച ഗൗരവത്തോടെ കാണണം. വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടും മുമ്പ് ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണം. പ്രാദേശികതലങ്ങളില്‍ ബി.ജെ.പിയുടെ വളര്‍ച്ച ചെറുക്കാന്‍ ബ്രാഞ്ച് കമ്മിറ്റികള്‍ ജാഗരൂകമാകമണമെന്നും പാര്‍ട്ടി അംഗങ്ങള്‍ ബ്രാഞ്ച് പരിധിയില്‍ ഗൃഹസമ്പര്‍ക്കം സജീവമാക്കണമെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ട് പറയുന്നു.
പാര്‍ട്ടി അംഗങ്ങള്‍ മാതൃകാജീവിതം തുടരണമെന്നും കളങ്കിതരില്‍നിന്ന് സംഭാവന സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വന്‍കിട മുതലാളിമാരില്‍നിന്ന് സംഭാവന വാങ്ങുമ്പോള്‍ കര്‍ശന ജാഗ്രത കാണിക്കണമെന്നും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മൂന്നു മാസത്തിലൊരിക്കല്‍ അനുഭാവി യോഗം നടത്തണമെന്നും ആറു മാസത്തിലൊരിക്കല്‍ പാട്ടി അംഗങ്ങള്‍ക്കും അനുഭാവി ഗ്രൂപ്പ് അംഗങ്ങള്‍ക്കും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു. ബ്രാഞ്ച് സെക്രട്ടറിമാരില്‍ 28 ശതമാനം പുതിയ കേഡര്‍മാരാണ്. ലോക്കല്‍കമ്മിറ്റി അംഗങ്ങളിലും പുതുമുഖങ്ങളുണ്ട്. അവര്‍ക്കെല്ലാം രാഷ്ട്രീയ വിദ്യാഭ്യാസവും പരിശീലനവും നല്‍കണമെന്നുകൂടി പ്രവര്‍ത്തനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജില്ലാ സെക്രട്ടറിക്ക് മൂന്നു ടേം വരെ തുടരാമെന്നതിനാല്‍ എം.വി ജയരാജനു തന്നെ ഇത്തവണയും സാധ്യത. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് എം.വി ജയരാജന്‍ സെക്രട്ടറിയായത്. കഴിഞ്ഞ സമ്മേളനം വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എം.വി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇടംപിടിക്കാനിടയുണ്ട്. അങ്ങനെയെങ്കില്‍ മുന്‍ എം.എല്‍.എ ടി.വി രാജേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും. ഇത്തവണ ജില്ലാ കമ്മറ്റിയില്‍ കൂടുതല്‍ പുതുമുഖങ്ങളെത്തുമെന്നുമറിയുന്നു. പി.പി ദിവ്യയുടെ ഒഴിവില്‍ ഉള്‍പ്പെടെ കൂടുതല്‍ വനിതകളുമുണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റിലും വനിതാപ്രാതിനിധ്യമുയരാനിടയുണ്ട്.
In Short: CPM Kannur district activity report presented by District Secretary M.V. Jayarajan as part of the CPM district conference come under severe criticism for central committee member E.P. Jayarajan and former Kannur district panchayat president P.P. Divya. The report accuses E.P. Jayarajan of continuously taking actions that put the party in crisis at crucial junctures and of being very careless in the issues he intervenes in. E.P. Jayarajan's revelation of his meeting with BJP leader Prakash Javadekar on the day of the Lok Sabha elections was a serious lapse. This has brought great disrespect to the party in the public eye.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."