ഗോളടിയിൽ വീണ്ടും റെക്കോർഡ്; ഇതിഹാസങ്ങൾക്കൊപ്പം ഇനി സലാഹും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺമൗത്തിനെതിരെ ലിവർപൂളിന് തകർപ്പൻ ജയം. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. സൂപ്പർതാരം മുഹമ്മദ് സലാഹിന്റെ ഇരട്ടഗോൾ മികവിലാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 30ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് സലാഹ് ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ 75ാം മിനിറ്റിൽ സലാഹ് വീണ്ടും ലക്ഷ്യം കണ്ടു. ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി സലാഹ് 21 ഗോളുകളാണ് നേടിയിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ഏറ്റവും കൂടുതൽ തവണ 20+ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനും സലാഹിന് സാധിച്ചു. അഞ്ചു സീസണുകളിലാണ് സലാഹ് 20+ ഗോളുകൾ സ്കോർ ചെയ്തത്. മുൻ ഫ്രഞ്ച് താരം തിയറി ഹെൻറിയും ഇത്ര തന്നെ തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ഈ നേട്ടം സ്വന്തമാക്കിയ ഹാരി കെയ്ൻ, സെർജിയോ അഗ്യൂറോ എന്നിവരാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. അലൻ ഷിയറാണ് ആണ് ഒന്നാമതും ഉള്ളത്. ഏഴ് തവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. മറ്റുള്ള ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ് ലിവർപൂൾ ഉള്ളത്. 23 മത്സരങ്ങളിൽ നിന്നും 17 ജയവും അഞ്ചു സമനിലയും ഒരു തോൽവിയും അടക്കം 56 പോയിന്റാണ് സലാഹിനും കൂട്ടർക്കും ഉള്ളത്. എഫ്എ കപ്പിൽ ഫെബ്രുവരി എട്ടിന് നടക്കുന്ന മത്സരത്തിൽ എവർട്ടണിനെയാണ് ലിവർപൂൾ അടുത്ത മത്സരത്തിൽ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."