പവിത്രന് മലേഷ്യയിലേക്കുള്ള വഴി തെളിയുന്നു
യോഗ്യത നേടിയിട്ടും പോകാന്‍ പണമില്ലാത്ത പവിത്രന്റെ അവസ്ഥ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു
ചെറുവത്തൂര്‍: മലേഷ്യയില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പവിത്രന് വഴിതെളിയുന്നു. ദേശീയമത്സരത്തില്‍ അഞ്ചിനങ്ങളില്‍ യോഗ്യത നേടിയ തടിയന് കൊവ്വലിലെ എം പവിത്രന് സഹായ വാഗ്ദാനവുമായി ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1997 ബാച്ച് മുന്നോട്ട് വന്നു. 15000 രൂപ നല്‍കാമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
ലക്നൗവില്‍ നടന്ന ദേശീയ മത്സരങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ചിട്ടും കൈയില്‍ പണമില്ലാത്തതിനാല്‍ യാത്ര മുടങ്ങുമെന്ന അവസ്ഥയില്‍ നില്ക്കുന്ന പവിത്രന്റെ അവസ്ഥ കഴിഞ്ഞ ദിവസം സുപ്രഭാതമാണ് പുറംലോകത്തെ അറിയിച്ചത്. യാത്രയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമായി 50,000 രൂപ വേണം. നിര്‍മാണ തൊഴിലാളിയായ പവിത്രന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
കഴിഞ്ഞ രണ്ടു തവണകളിലായി ജപ്പാന്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പണമില്ലാത്തതിനാല്‍ പവിത്രന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒക്ടോബറില്‍ മലേഷ്യയിലാണ് മത്സരം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. അധികം വൈകാതെ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ യാത്ര സാധ്യമാകൂ. സഹായം നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് പവിത്രനെ വിളിക്കാം. നമ്പര്‍ : 9744129099.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."