കോംട്രസ്റ്റ്: കലക്ടര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍
കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സംരക്ഷിക്കാന്‍ കലക്ടര്‍ ശക്തമായി നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍. കോംട്രസ്റ്റ് കെട്ടിടവും യന്ത്രങ്ങളും പുരാവസ്തു വകുപ്പിനു കീഴില്‍ കൊണ്ടുവരാന്‍ ധാരണയുണ്ടായിട്ടും കോംട്രസ്റ്റിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ നേര്‍ക്ക് കലക്ടര്‍ കണ്ണടയ്ക്കുന്നുവെന്ന വിമര്‍ശനവുമായാണ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയത്.
ഇതു സംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും കോമണ്‍വെല്‍ത്ത് ഹാന്‍ഡ്‌ലൂം വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറിയുമായ ഇ.സി സതീശന്‍ കലക്ടര്‍ക്കു കഴിഞ്ഞ ദിവസം കത്തു നല്‍കി. കോംട്രസ്റ്റ് ഭൂമിയിലെ കൈയേറ്റം തുടരുകയാണെന്നും ഇതില്‍ കലക്ടറുടെ ഭാഗത്തു നിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നും കത്തില്‍ പറയുന്നു. പുരാവസ്തു വകുപ്പിനു കീഴില്‍ കോംട്രസ്റ്റിനെ കൊണ്ടുവരാന്‍ വേണ്ട വിശദമായ പ്ലാനും സ്‌കെച്ചും റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കലക്ടറോടു പുരാവസ്തു വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും കലക്ടറുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
ഭൂമി കൈയേറ്റവും മറ്റും വിവാദമായതോടെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഇതിനിടയിലാണു കെട്ടിടത്തിലെ നെയ്ത്തുയന്ത്രങ്ങള്‍ കോംട്രസ്റ്റ് കെട്ടിടത്തിനുള്ളില്‍ തന്നെ മറ്റു സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ വേണ്ടി ഹൈക്കോടതിയില്‍ നിന്ന് ഉത്തരവു സമ്പാദിച്ച് അതിന്റെ മറവില്‍ കെട്ടിടം പൊളിച്ചുനീക്കാനും യന്ത്രസാമഗ്രികള്‍ നശിപ്പിക്കാനും കോംട്രസ്റ്റ് അധികൃതരും ഭൂമാഫിയകളും ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രണ്ടുതവണ അവര്‍ സ്ഥാപനത്തിന്റെ മതില്‍ തകര്‍ക്കുകയും ചെയ്തു. ഇതും കലക്ടര്‍ നേരിട്ടു കണ്ടു ബോധ്യപ്പെട്ടതാണ്.
എന്നാല്‍, പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് കലക്ടറുടെ ഓഫിസിനു രേഖാമൂലം നിര്‍ദേശം ലഭിച്ചിട്ടും കെട്ടിടത്തിലെ സാമഗ്രികള്‍ നശിപ്പിക്കരുതെന്നുള്ള യാതൊരു ഉത്തരവും ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിട്ടില്ല. കേസില്‍ സര്‍ക്കാര്‍ ഭാഗം കക്ഷിചേര്‍ന്നു വസ്തുതകള്‍ കോടതിയെ ബോധിപ്പിക്കേണ്ട ചുമതല സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയ്ക്ക് കലക്ടര്‍ക്കാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."