പുതിയ ഡി.സി.സി പ്രസിഡന്റിനായി ചര്‍ച്ച സജീവം സിദ്ദീഖിനായി എ ഗ്രൂപ്പ്, സുധീരന്റെ നോമിനിയായി അനില്‍കുമാറും പരിഗണനയില്‍
കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ പുരോഗമിക്കവെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തിനായും ചരടുവലികള്‍ ശക്തമായി. നിലവിലെ പ്രസിഡന്റ് കെ.സി അബുവിനെ മാറ്റുമെന്ന് ഉറപ്പായതോടെയാണ് പുതിയ അധ്യക്ഷനു വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമായത്. നിലവില്‍ എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനം. ഇത്തവണയും തങ്ങള്‍ക്കുതന്നെ പ്രസിഡന്റ് പദവി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടി. സിദ്ദീഖിനെയാണ് എ വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അഡ്വ. പി.എം സുരേഷ്ബാബുവിനെ പ്രസിഡന്റാക്കണമെന്ന വാദക്കാരും എ ഗ്രൂപ്പിലുണ്ട്.
അതേസമയം ഗ്രൂപ്പുകള്‍ക്ക് പദവികള്‍ വീതംവയ്ക്കുന്ന സ്റ്റാറ്റസ്‌കോ രീതി ഇത്തവണ ഉണ്ടായേക്കില്ലെന്ന വാര്‍ത്തകളെ ആശങ്കയോടെയാണ് എ ഗ്രൂപ്പ് നേതാക്കള്‍ വീക്ഷിക്കുന്നത്. ഗ്രൂപ്പ് അതിപ്രസരം കുറയ്ക്കാന്‍ ഗ്രൂപ്പുരഹിതരായ നേതാക്കളെ ഡി.സി.സി അധ്യക്ഷന്മാരാക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ താല്‍പര്യം. ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ഇത്തരത്തില്‍ പുനഃസംഘടന നടത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
അങ്ങനെ വന്നാല്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി അനില്‍കുമാറിന്റെ പേരാകും സുധീരന്‍ മുന്നോട്ടുവയ്ക്കുക. എന്നാല്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുത്തുള്ള പുനഃസംഘടനയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതാക്കള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നും ഗ്രൂപ്പിന് അവകാശപ്പെട്ട പ്രസിഡന്റ് പദവിയില്‍ തങ്ങള്‍ നിര്‍ദേശിക്കുന്നയാള്‍ തന്നെ വരുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. പുനഃസംഘടനയ്ക്കായി രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതിയില്‍ ജില്ലയില്‍ നിന്നുള്ള ഏക അംഗമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എ വിഭാഗം.
അതിനിടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടണമെന്ന വികാരം ഐ ഗ്രൂപ്പിലും ശക്തമായിട്ടുണ്ട്. പതിറ്റാണ്ടുകളായി ഐ ഗ്രൂപ്പിന്റെ കുത്തകയായിരുന്ന കോഴിക്കോട് ഡി.സി.സി പ്രത്യേക സാഹചര്യത്തില്‍ എ ഗ്രൂപ്പ് കൈക്കലാക്കുകയായിരുന്നുവെന്നും ഇതു തിരിച്ചുപിടിക്കണമെന്നുമാണ് ഗ്രൂപ്പിലെ പൊതുവികാരം. 20007ലാണ് എ ഗ്രൂപ്പിലെ കെ.സി അബു ഡി.സി.സി പ്രസിഡന്റാകുന്നത്. അതിനു മുന്‍പ് ഐ ഗ്രൂപ്പുകാരനായിരുന്ന അഡ്വ. എം. വീരാന്‍കുട്ടിയായിരുന്നു പ്രസിഡന്റ്. കെ. കരുണാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഡി.ഐ.സിയിലേക്ക് പോയതോടെയാണ് ഐ ഗ്രൂപ്പില്‍ നിന്ന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ വിഭാഗം സ്വന്തമാക്കിയത്.
കരുണാകരനൊപ്പം പാര്‍ട്ടി വിട്ടവര്‍ തിരിച്ചെത്തിയതോടെ ജില്ലയില്‍ ഐ വിഭാഗം പഴയ ശക്തിയിലെത്തിയെന്നും ഈ സാഹചര്യത്തില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു നല്‍കണമെന്നുമാണ് ഐ ഗ്രൂപ്പുകാരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദത്തിന് ഐ വിഭാഗം ഇതുവരെ തയാറായിട്ടില്ല. ഗ്രൂപ്പുരഹിതര്‍ എന്ന അക്കൗണ്ടില്‍ വി.എം സുധീരനെ അനുകൂലിക്കുന്ന അനില്‍കുമാര്‍ പ്രസിഡന്റായി വരുന്നതിനെ ചെറുക്കാനാണ് ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നീക്കം. അനില്‍കുമാര്‍ പ്രസിഡന്റാകുന്നതോടെ ഐ ഗ്രൂപ്പില്‍ നിന്ന് ചോര്‍ച്ചയുണ്ടാകുമെന്ന ഭയമാണ് നേതൃത്വത്തെ ഇതിനായി പ്രേരിപ്പിക്കുന്നത്.
ടി. സിദ്ദീഖിന്റെ പേര് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. യുവനേതാവെന്ന പരിവേഷം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുനയിക്കാന്‍ സിദ്ദീഖിന് കഴിയുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. അതേസമയം ഡി.സി.സി പ്രസിഡന്റായി കൂടുതല്‍ പക്വതയുള്ള നേതാവാണ് നല്ലതെന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിക്കുന്നു. സുരേഷ്ബാബുവിനെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അടുത്തകാലത്തായി വി.എം സുധീരനുമായി അടുപ്പം പുലര്‍ത്തുന്നതിനാല്‍ എ വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ക്ക് സുരേഷ്ബാബുവിനോട് താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ സിദ്ദീഖിന് തന്നെയാണ് കൂടുതല്‍ സാധ്യത.
പുനഃസംഘടനയ്ക്കായുള്ള രാഷ്ട്രീയകാര്യ സമിതി നിലവില്‍ വന്ന സാഹചര്യത്തില്‍ ഒരു മാസത്തിനകം ഡി.സി.സി പ്രസിഡന്റുമാരുടെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നു ലഭിക്കുന്ന വിവരം. കേരളത്തിലെ പ്രധാന നേതാക്കള്‍ ചര്‍ച്ച ചെയ്തു തയാറാക്കുന്ന ലിസ്റ്റുമായി ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുകയും ഈ ലിസ്റ്റ് അവര്‍ പ്രഖ്യാപിക്കുന്നതുമാണ് പതിവ്. എന്നാല്‍ ഇത്തവണ ഇതിനു മാറ്റം വരും. മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവരുടെ നിലപാടുകളും നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."