പണിമുടക്കില്‍ മലയോരം സ്തംഭിച്ചു മുഴുവന്‍ ഓഫിസുകളും അടഞ്ഞുകിടന്നു
കാളികാവ്: സംയുക്ത തൊഴിലാളി യൂണിന്‍ നടത്തിയ പണിമുടക്ക് മലയോര മേഖലയില്‍ പൂര്‍ണം. നിലമ്പൂര്‍ മേഖലയിലെ കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. നിലമ്പൂര്‍ ട്രഷറി, ബാങ്കുകള്‍, മറ്റു സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ അടപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. ഇരുചക്രവാഹനമുള്‍പ്പെടെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നുവെങ്കിലും പലയിടത്തും തടഞ്ഞു.
വിവിധ ടൗണുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനവും നടത്തി. വൈകിട്ട് അഞ്ചുമണിയോടെ ചില കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. വന്‍ പൊലിസ് സന്നാഹമാണ് ഓരോ കവലകളിലും വിന്യസിച്ചിരുന്നത്.
കാളികാവില്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ടാക്‌സി ജീവനക്കാരും ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായി. അതേസമയം ഉള്‍പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു.
സമര അനുകൂലികളള്‍ കാളികാവില്‍ പ്രകടനം നടത്തി. മുഴുവന്‍ സംഘടനാ തൊഴിലാളികളും പ്രകടനത്തിന്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.കെ മുഹമ്മദലി, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍ നൗഷാദ്, എ.ഐ.ടി.യു.സി നേതാവ് മനീരി ഹസന്‍, എസ്.ടി.യു നേതാവ് പൊറ്റയില്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രകടനത്തിനും പൊതുയോഗത്തിനും നേതൃത്വം നല്‍കി.
പണിമുടക്കില്‍ കരുളായി, മൂത്തേടം ഗ്രാമപഞ്ചായത്തില്‍ പൂര്‍ണം.ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ ജീവനക്കാരെത്തിയെങ്കിലും സമരാനുകൂലികളെത്തി പിന്തിരിപ്പിച്ചു. ഇരു ചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ടാക്‌സി വാഹങ്ങള്‍ ഒന്നും തന്നെ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിച്ചു.
ചില സ്വകാര്യ വാഹങ്ങള്‍ നിരത്തിലിറങ്ങി. കരുളായിയില്‍ സമരാനുകൂലികള്‍ കപ്പയും ബീഫും ടൗണിലെത്തിയവര്‍ക്കു വിളമ്പി പണിമുടക്ക് ആഘോഷമാക്കി. പഞ്ചായത്തിന്റെ ഭ്രാന്ത പ്രദേശങ്ങളിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
കരുവാരക്കുണ്ടില്‍ പണിമുടക്കു പൂര്‍ണം. കടകമ്പോളങ്ങളും, ഓഫിസുകളും അടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കിഴക്കേത്തലയില്‍ നടന്ന പ്രകടനത്തിനു ട്രേഡ് യൂനിയന്‍ നേതാക്കളായ പി.കെ അബ്ദുറഹിമാന്‍, തൊമ്മന്‍ വിളതമ്പി, എം.മുഹമ്മദ്, ടി.പി ജോണ്‍, ഇ ഷംസുദ്ധീന്‍, സി.സലാം എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."