ഹര്‍ത്താല്‍ദിനം 'ആഘോഷിക്കാന്‍' കോഴിപ്പാറയിലെത്തിയത് അഞ്ഞൂറിലേറെപ്പേര്‍
നിലമ്പൂര്‍: തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ദിനത്തില്‍ ചാലിയാര്‍ പഞ്ചായത്തിലെ കോഴിപ്പാറ ജലടൂറിസം കേന്ദ്രത്തില്‍ എത്തിയത് അഞ്ഞൂറിലേറെപ്പേര്‍. രാവിലെ 11 മുതല്‍ ആരംഭിച്ച സഞ്ചാരികളുടെ പ്രവാഹം വൈകിട്ട് ആറുവരെ തുടര്‍ന്നു. വ്യാപാരികള്‍, ജനപ്രതിനിധികള്‍, ബസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, കുടുംബവുമൊത്താണ് ഹര്‍ത്താല്‍ദിനം ആഘോഷിക്കാന്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലെത്തിയത്.
ജീവിത തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഹര്‍ത്താല്‍ദിനം ഇവര്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍ വനം വകുപ്പിന് പാസ് ഇനത്തില്‍ ലഭിച്ചത് 10,500 രൂപ. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ പേര് എത്തിയത്. ഹര്‍ത്താല്‍ വിജയ പരാജയങ്ങള്‍ സംഘടനാ നേതാക്കള്‍ ചര്‍ച്ച ചെയ്തപ്പോള്‍ പ്രകൃതി സൗന്ദര്യവും കോഴിപ്പാറയിലെ വെള്ളച്ചാട്ടവുമാണ് സഞ്ചാരികള്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട ജല ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം.
ഒഴിവ് ദിനങ്ങളില്‍ സഞ്ചാരികളുടെ പ്രവാഹം വര്‍ദ്ധിച്ചതോടെ രണ്ട് മാസത്തിനിടയില്‍ വനം വകുപ്പിന് ലഭിച്ചത് മൂന്ന് ലക്ഷത്തോളം രൂപയാണ്.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടോയ്ലറ്റ് സൗകര്യമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയാണ്.
ചാലിയാര്‍ പഞ്ചായത്തിലുള്‍പ്പെട്ട മറ്റൊരു ജലടൂറിസം കേന്ദ്രമായ ആഢ്യന്‍ പാറയിലേക്കും വിനോദ സഞ്ചാരികളുടെ ഒഴുക്കാണുണ്ടായി.
കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്കും നിരവധി സഞ്ചാരികളാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."