വെട്ടത്തൂരില്‍ വാര്‍ഷിക പദ്ധതി രൂപീകരണം പ്രതിസന്ധിയിലെന്ന് സി.പി.എം
വെട്ടത്തൂര്‍: ഗ്രാമപഞ്ചായത്തിലെ 2016- 17 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭരണസമിതിയുടെ പിടിപ്പു കേടുമൂലം അവതാളത്തിലായെന്ന് സി.പി.എം വെട്ടത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തീരുമാനം കണക്കിലെടുക്കാതെ പ്രസിഡന്റ് ഏകപക്ഷീയമായി പദ്ധതി ഭരണസമിതിയില്‍ അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ ഇല്ലാതെ അന്തിമ പദ്ധതി രേഖ അംഗീകാരത്തിന് അയക്കാന്‍ കഴിയില്ല. ഇങ്ങനെ വന്നാല്‍ ഗ്രാമപഞ്ചായത്തിന് ഈ വര്‍ഷം പദ്ധതി വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യം അറിഞ്ഞിട്ടും മാനദണ്ഡങ്ങള്‍ ലംഘിക്കുക വഴി പ്രതിപക്ഷ വാര്‍ഡുകളിലെ വികസനം അട്ടിമറിക്കാന്‍ ഭരണസമിതി ശ്രമിക്കുന്നതെന്നും സി.പി.എം ആരോപിക്കുന്നു.
16 വാര്‍ഡുകളാണുള്ളത് പഞ്ചായത്തിലുള്ളത്. യു.ഡി.എഫും എല്‍.ഡി.എഫും എട്ട് സീറ്റുകള്‍ വീതം തുല്യമായതോടെ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ വി.ടി അന്നമ്മ പ്രസിഡന്റും എം ഹംസക്കുട്ടി (സി.പി.എം) വൈസ്.പ്രസിഡന്റുമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം, നേരത്തെ നടപടിക്രമങ്ങള്‍ പാലിക്കാതെ വാര്‍ഷിക പദ്ധതിയുടെ കരടുരേഖ അംഗീകരിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബോര്‍ഡുയോഗം ബഹിഷ്‌ക്കരിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് സ്ഥിരസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോയതോടെ പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടുകൂടി ഭരണസമിതി കരട് രേഖക്ക് അംഗീകാരം നല്‍കി. എന്നാല്‍ ക്രമവിരുദ്ധമായി അംഗീകരിച്ച കരടുരേഖ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് ജില്ലാ ഡെപ്യൂട്ടി ഡയക്ടര്‍, ജില്ലാ പ്ലാനിങ് ബോര്‍ഡ് ഓഫിസര്‍ എന്നിവര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി അംഗീകാരന്‍ നേടാന്‍ ഭരണസമിതി അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോപത്തിന് പാര്‍ട്ടി നേത്യത്വം നല്‍കുമെന്ന് സി.പി.എം വെട്ടത്തൂര്‍ ലോക്കല്‍ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
പഞ്ചായത്തംഗം ഗോപാല ക്യഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം പി.സി ഷംസുദ്ദീന്‍, എം ശശീധരന്‍, എം.ഹംസക്കുട്ടി, വി മണികണ്ഠന്‍, നജ്മുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."