മലയാളസര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ പഠനറിപ്പോര്‍ട്ട് വെട്ടം ഗ്രാമത്തിലെ 90 ശതമാനം സ്ത്രീകള്‍ക്കും ജോലി ഗൃഹഭരണം
തിരൂര്‍: വെട്ടം ഗ്രാമത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസത്തിലും സ്വന്തമായ വരുമാനം നേടുന്നതിലും പൊതുവെ പിന്നിലാണെന്നു മലയാളസര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര പഠനവിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. ജില്ലയിലെ സ്ത്രീകളുടെ അവസ്ഥ വിലയിരുത്തുന്നതിനു വേണ്ടി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
വെട്ടം ഗ്രാമത്തിലെ സ്ത്രീജീവിതം എന്ന വിഷയത്തില്‍ അധ്യാപകരുടെ നിര്‍ദ്ദേശത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പഠനം സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന്റെ സമാപന ചടങ്ങില്‍ പ്രകാശനം ചെയ്തു. സാമൂഹ്യശാസ്ത്രവിദ്ഗധനായ പ്രൊഫ. എന്‍. ജയറാം കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി വിഭാഗം മേധാവി എന്‍.പി ഹാഫിസ് മുഹമ്മദിന് റിപ്പോര്‍ട്ടു നല്‍കി പ്രകാശനം ചെയ്തു. സ്ത്രീജനങ്ങളുടെ ഭൗതിക സാഹചര്യം, കുടുംബാന്തരീക്ഷം, കുടുംബബന്ധങ്ങള്‍, മാനസികാവസ്ഥ എന്നിവയിലൂന്നിയാണു പഠനം നടത്തിയത്. 750 തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലാണു സര്‍വെ നടത്തിയത്. ഇതില്‍ 3.02 ശതമാനം സ്ത്രീകള്‍ മാത്രമാണു കോളജ് വിദ്യാഭ്യാസം നേടിയിട്ടുള്ളത്. 9.46 ശതമാനം പേര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവും 78.93 ശതമാനം പേര്‍ പ്രാഥമിക വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. 25 സെന്റില്‍ താഴെയാണു ഭൂരിഭാഗം കുടുംബങ്ങളുടെ ഭൂസ്വത്ത്.
ഭൂമിയുടെ ഉടമസ്ഥാവകാശം 66.53 ശതമാനം ഭര്‍ത്താവിനാണ്. സ്വന്തം പേരില്‍ ഭൂമിയുള്ളവര്‍ 15.47 ശതമാനമാണ്. സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ കുറവാണ്. 90.13 ശതമാനം പേരും ഗൃഹഭരണം നടത്തുന്നവരാണ്. കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ ചെറിയ തോതില്‍ പങ്കെടുക്കുന്നുണ്ട്. കുടുംബത്തില്‍ സ്ത്രീകള്‍ പൊതുവെ സുരക്ഷിതരാണ്. 42.93 ശതമാനം പേര്‍ക്കും വായിക്കാനും കംപ്യൂട്ടര്‍ നൈപുണ്യം നേടാനും താല്‍പര്യമുണ്ടെങ്കിലും സാഹചര്യമില്ല.
വെട്ടം ഗ്രാമത്തിലെ പടിഞ്ഞാറന്‍ തീരപ്രദേശം, കനോലികനാലിന്റെ ഇരുവശവുമുള്ള ഇടനാട്, കാര്‍ഷികമേഖല എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി തരം തിരിച്ചാണു പഠനം നടത്തിയത്.
കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കാണു വരുമാനം കൂടുതലുള്ളത്. 67.87 ശതമാനം കോണ്‍ക്രീറ്റ് വീടുകളാണെങ്കിലും 26 ശതമാനവും രണ്ടുമുറികളുള്ള വീടുകളാണ്. 12.03 ശതമാനം പേര്‍ ഒറ്റമുറി വീടുകളിലാണു താമസിക്കുന്നത്. 96.53 ശതമാനം പേരും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചുകളയുകയാണു ചെയ്യുന്നത്. ഇതു വലിയ ആരോഗ്യ പരിസ്ഥിതി പ്രശ്‌നം ഉളവാക്കുമെന്നു സര്‍വെ പറയുന്നു. ജലലഭ്യത തൃപ്തികരമാണെങ്കിലും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നില്ല. 78 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 30.80 ശതമാനം സ്ത്രീകള്‍ മാത്രമാണ് എ.ടി.എം സൗകര്യം ഉപയോഗിക്കുന്നത്.
മാലിന്യസംസ്‌കരണം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്താവുന്നതാണെന്നും സഞ്ചരിക്കുന്ന കംപ്യൂട്ടര്‍ പഠനം, സഞ്ചരിക്കുന്ന വായനശാല എന്നിവ പ്രയോജനപ്പെടുമെന്നും സര്‍വ്വെ നിര്‍ദ്ദേശിക്കുന്നു.
ഒപ്പം തൊഴില്‍ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, തുടര്‍ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ ഏര്‍പ്പെടുത്തി ഇപ്പോഴത്തെ സാമൂഹ്യസാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താവുന്നതാണെന്നും സര്‍വെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."