പണിമുടക്കില്‍ വലഞ്ഞ് ജനം
കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങളും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അത്യാവശ്യം സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയതൊഴിച്ചാല്‍ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും സര്‍വിസ് നടത്തിയില്ല. കൈത്തറി, ബീഡി മേഖകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ആയിക്കര, അഴീക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായി. വിവിധ സ്ഥലങ്ങളില്‍ നിന്നു റെയില്‍വേ സ്‌റ്റേഷനിലെത്തിയവര്‍ വീടുകളില്‍ എത്തിച്ചേരാന്‍ വാഹനമില്ലാതെ വലഞ്ഞു. രാവിലെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രായമായവര്‍ക്കു വീടുകളിലെത്താന്‍ പൊലിസ് ജീപ്പ് ഒരുക്കിയത് ആശ്വാസമായി. കണ്ണൂര്‍ നഗരപരിധിയില്‍ മാത്രമായിരുന്നു പൊലിസിന്റെ സേവനം. റെയില്‍വേ സ്‌റ്റേഷനിലെത്തിയ മലയോര മേഖല ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കു പോകേണ്ട യാത്രക്കാര്‍ അക്ഷരാര്‍ഥത്തില്‍ വലഞ്ഞു. നഗരത്തിലെത്തിയവര്‍ക്കു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സെന്‍ട്രല്‍ ജയിലില്‍ നിന്നും ഭക്ഷണം ലഭിച്ചത് ആശ്വാസമായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതു വാക്തര്‍ക്കത്തിന് ഇടയാക്കിയതൊഴിച്ചാല്‍ മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ കാല്‍ടെക്‌സില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നെത്തിയ ടാക്‌സി ജീപ്പിനെ തടഞ്ഞുവച്ചതു ചെറിയ തോതില്‍ വാക്തര്‍ക്കത്തിനിടയാക്കിയിരുന്നു. പൊലിസ് ഇടപെട്ടാണ് ഇവര്‍ക്കു യാത്ര തുടരാനായത്. ദേശീയപാതയിലൂടെ സര്‍വിസ് നടത്തിയ ടാങ്കറുകളും നാഷണല്‍ പെര്‍മിറ്റ് ലോറികളും സമരാനകൂലികള്‍ തടഞ്ഞതിനാല്‍ പലയിടത്തും ലോറികളുടെ നീണ്ടനിരയായിരുന്നു. ജില്ലയില്‍ 146 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തിയതായി സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ ടൗണില്‍ സ്‌റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ച് പ്രകടനവും തെക്കിബസാറില്‍ പൊതുയോഗവും നടന്നു. യോഗത്തില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന്‍ അധ്യക്ഷനായി. സി.എച്ച് രാജന്‍, സി.പി സന്തോഷ്, എം.എ കരീം, കെ.പി സഹദേവന്‍, എം ഉണ്ണികൃഷ്ണന്‍, പി ജയരാജന്‍, എം.വി ജയരാജന്‍, പി മനോഹരന്‍, പൂക്കോടന്‍ ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."