ജനകീയ പങ്കാളിത്തത്തില്‍ മാതമംഗലത്ത് ബസ്സ്റ്റാന്‍ഡ്
പെരുമ്പടവ്: ജനകീയ പങ്കാളിത്തത്തോടെ മാതമംഗലത്ത് ആധുനിക രീതിയിലുള്ള ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. സൗജന്യമായി സ്വകാര്യ വ്യക്തി തുടക്കമിട്ട നിര്‍മാണ പ്രവര്‍ത്തനം ആവശ്യത്തിനു ഫണ്ടില്ലാത്തതിനാല്‍ ചുവപ്പു നാടയില്‍ കുരുങ്ങി ഇല്ലാതാകുമ്പോഴാണ് എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലത്തു നിന്നു മാതൃകാപരമായി പ്രവൃത്തി തുടങ്ങിയത്. മെയിന്‍ റോഡിനോടു ചേര്‍ന്ന് രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ബസ്സ്റ്റാന്‍ഡ് നിര്‍മാണം പുരോഗമിക്കുന്നത്. പ്രവാസി മലയാളിയായ മന്‍സൂറാണ് പദ്ധതി പഞ്ചായത്തില്‍ സമര്‍പ്പിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്തു ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുകയും അതിനോട് ചേര്‍ന്ന് അര ഏക്കറോളം സ്ഥലത്ത് ബസ്‌ബേ നിര്‍മിക്കുകയും ചെയ്തു.
ശോച്യാലയങ്ങളും പൊലിസ് എയിഡ് പോസ്റ്റും നിര്‍മിച്ചിരിക്കുന്ന സ്ഥലം പൂര്‍ണമായി പഞ്ചായത്തിനു എഴുതി നല്‍കുകയും ചെയ്തു. പ്രവൃത്തിയുടെ 90 ശതമാനവും പൂര്‍ത്തിയായി. ഗതാഗത വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അനുമതി ഇതിനകം ലഭിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷങ്ങള്‍ മുടക്കി മാതമംഗലം ടൗണില്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മാണം നടത്തിയെങ്കിലും ആവശ്യമായ വിസ്തൃതി ഇല്ലാത്തതിനാല്‍ ബസുകള്‍ കയറിയിരുന്നില്ല.
തുടര്‍ന്നാണ് പുതിയ പദ്ധതി പഞ്ചായത്ത് സ്വീകരിച്ചത്. ഓണക്കാലം കഴിയുന്നതിന് മുമ്പ് ബസ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."