പണിമുടക്ക്: ഭക്ഷണമൊരുക്കി സമരക്കാര്‍
പയ്യന്നൂര്‍: പണിമുടക്കില്‍ കുടുങ്ങിപ്പോയവരുടെ വിശപ്പകറ്റാന്‍ പണിമുടക്ക് അനുകൂലികള്‍ രംഗത്തെത്തി. പണിമുടക്ക് ദിനത്തില്‍ പയ്യന്നൂര്‍ പെരുമ്പയിലാണു ശ്രദ്ധേയമായ പരിപാടി നടന്നത്. പണിമുടക്കില്‍ കുടുങ്ങിയ അന്യസംസ്ഥാനങ്ങളിലെ ചരക്ക്, ടാങ്കര്‍ ലോറി തൊഴിലാളികള്‍ക്കാണു ട്രേഡ് യൂനിയന്‍ നേതാക്കളും പ്രവര്‍ത്തകരും സഹായവുമായി എത്തിയത്. പണിമുടക്കിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ മുതല്‍ ലോറികള്‍ വിവിധയിടങ്ങളിലായി നിര്‍ത്തിയിട്ടിരുന്നു. സര്‍വിസ് നടത്തിയ ലോറികളെ സമരാനുകൂലികള്‍ പെരുമ്പയില്‍ തടഞ്ഞിടുകയും ചെയ്തു. പെരുമ്പ ദേശീയപാതയോരത്ത് നൂറ്റമ്പതോളം ലോറികള്‍ നിരന്നുകിടന്നു.
വഴിയില്‍ പെട്ടുപോയ 250ഓളം ലോറി തൊഴിലാളികള്‍ക്കു വിശപ്പടക്കാന്‍ പയ്യന്നൂര്‍ ഭാഗത്ത് ഒരു തട്ടുകട വരെ തുറന്നില്ല. വിശപ്പ് ആളികത്തുന്ന തൊഴിലാളികള്‍ക്കു മുന്നില്‍ ചായയും ഉപ്പുമാവുമായി സമരാനുകൂലികള്‍ എത്തി. ഇതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഉച്ചയൂണും റെഡി. റോഡരികില്‍ തൂശനിലയില്‍ സാമ്പാറും വറവും പപ്പടവുമായി ഗംഭീര ഊണ്. ഊണുംകഴിച്ച് ചെറു മയക്കത്തിനു മുമ്പെ ചായയും റെഡി. വൈകുന്നേരം അഞ്ചോടെ വണ്ടി വിട്ടോടാനുള്ള നിര്‍ദേശവും വന്നു. സി കൃഷ്ണന് എം.എല്‍.എ, പി.വി കുഞ്ഞപ്പന്, ഡി.കെ ഗോപിനാഥ്, എം രാമകൃഷ്ണന്, യു.വി രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."