സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ശമ്പളവും പെൻഷനും നൽകാൻ പണമില്ല
തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപോർട്ടുകൾ. മാസാവസാനം ആയതിനാൽ ശമ്പളവും പെൻഷനും ഉൾപ്പെടെ വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. പെരുന്നാളും വിഷുവും വരുന്ന സമയമായതിനാൽ ശമ്പളവും പെൻഷനും മുടക്കാനോ വൈകിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ ശമ്പളം മുടങ്ങിയാൽ അത് സർക്കാരിന് കടുത്ത തിരിച്ചടിയാകും.
ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്.
അതേസമയം, തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ എന്ത് തീരുമാനത്തിലേക്ക് ആകും സർക്കാർ നീങ്ങുക എന്ന് കാത്തിരുന്നറിയണം.
കഴിഞ്ഞ മാസം ശമ്പളം ഏതാനും ദിവസങ്ങൾ വൈകിയാണ് നൽകിയത്. ആ ഘട്ടത്തിൽ തന്നെ വിവിധ കോണുകളിൽ നിന്ന് സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ശമ്പളം മുടങ്ങിയത്. അതേസമയം, സാധാരണക്കാർക്ക് നൽകാനുള്ള ക്ഷേമ പെൻഷൻ ആറ് മാസത്തോളമാണ് കുടിശിക വന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, വിഷുവിന് മുൻപ് മൂന്ന് മാസത്തെ പെൻഷൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിതരണം ഇനിയും പൂർത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."