ഒരു എ.ടി.എം രാത്രി
പ്രലോഭനീയങ്ങളായ അടയാളങ്ങള്‍ കാണിച്ച് അരികിലേക്കു വിളിക്കുന്ന സുന്ദരിയെ പോലെയാണ് എ.ടി.എം എന്ന് ക്യാബിനു വെളിയിലെ കസേരയിലിരുന്നുകൊണ്ടു പണം വരുന്ന നാനാവഴികളെപ്പറ്റി ആലോചിച്ചു ഗതിയില്ലാതെ കറങ്ങുന്നതിനിടെ ധനപാലന്‍ വിചാരിച്ചു. അപ്പോള്‍ തന്നെയായിരുന്നു അരികിലെന്തോ വന്നു വീണതും ഞെട്ടിയതും. ഒരു എ.ടി.എം കാവല്‍ക്കാരന്റെ സൂക്ഷ്മതയോടെയും ഇതൊരു വല്ലാത്ത അസമയമാണല്ലോ എന്ന പേടിയോടെയും ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. ചുരമിറക്കത്തിലെ എ.ടി.എമ്മിനു പുറമെ നാലഞ്ചു മുറി ചെറിയ പീടികകളേ ആ ഭാഗത്തുള്ളൂ.
അവസാനത്തെ തട്ടുകടക്കാരനും കടപൂട്ടി പോയിട്ടു മണിക്കൂറുകള്‍ പലതായി. വല്ലപ്പോഴും ചുരമിറങ്ങിയും കേറിയും പോകുന്ന വാഹനങ്ങള്‍. ധനപാലന്‍ ഭീതിയോടെ അരികില്‍ വന്നുവീണ സാധനം തിരഞ്ഞു. അതൊരു പഴയ ചെരുപ്പ്. പക്ഷേ എവിടുന്നു വന്നു വീണു എന്നു പിടികിട്ടിയില്ല. വിജനമായ വഴിയിലോ റോഡിനു രണ്ടു ഭാഗത്തുമുള്ള വന്‍മരങ്ങള്‍ക്കു കീഴെയോ കുറ്റിക്കാട്ടിലോ ഒറ്റനോട്ടത്തില്‍ ആരെയും കാണാനില്ല.
വരുന്ന രണ്ടു ദിവസം ബാങ്കുകള്‍ അവധിയിലാണ്. വൈകിട്ട് ഏജന്‍സിക്കാര് വന്ന് എ.ടി.എമ്മില്‍ പണം നിറയ്ക്കുമ്പോള്‍ പറഞ്ഞിരുന്നു...
''ധനപാലേട്ടനല്ലേ ഇന്ന് കാവല്‍! പ്രത്യേകം ശ്രദ്ധിച്ചോ! പണം കുറേ കൂടുതലുള്ളതാ...കവര്‍ച്ചക്കാര്‍ നൂതന മോഷണ വിദ്യകളുമായി എപ്പോഴും വരാം''
''അവന്‍മാര് എന്റടുത്ത് വന്നാ വിവരം അറീം...''
''ആര്? ധനപാലേട്ടനോ, അതോ അവരോ...?''
ആ പരിഹാസത്തിനു മുറുപടി പറയാതെ അപ്പോള്‍ അവരുടെ കൂടെ ചിരിക്കുകയായിരുന്നു ധനപാലന്‍ ചെയ്തത്.
പക്ഷേ അപ്പോള്‍ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇപ്പോള്‍ ധനപാലനു ശരിക്കും പേടിയുണ്ട്. വൈകുന്നേരം മുതലേ ചാറിത്തുടങ്ങിയ മഴ തോര്‍ന്നു നിലാവ് തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് എ.ടി.എമ്മിനു മുന്‍പില്‍ ഒരു കാറ് വന്നു നിന്നു. പാതിരാ നേരത്തും പണത്തിന്റെ ആവശ്യക്കാര്‍ തന്നെ. ഒരു ചെറുപ്പക്കാരന്‍ ഗ്ലാസു വാതില്‍ തുറന്ന് അകത്തേയ്ക്കു പോയി. ചെറുപ്പക്കാരന്‍ അകത്തു കേറിയതും അയാള്‍ കാറിനകത്തേയ്ക്കു നോക്കി. ഒരു യുവതിയും കുഞ്ഞും. ചുരമിറങ്ങി അടുത്ത നഗരത്തിലേയ്ക്കു പോകുന്നവരായിരിക്കും.
അവര്‍ പോയതോടെ ധനപാലന്‍ വീണ്ടും ഒറ്റപ്പെട്ടു. നേരം പുലരാന്‍ ഇനിയുമുണ്ടു മൂന്നുനാലു മണിക്കൂര്‍. അതിനിടെ ഒരു എ.ടി.എം കാവല്‍ക്കാരന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചുകൂടാ. ഒരു എയര്‍ഗണ്ണുപോലും കൈയിലില്ലാതെ ഇരിക്കുന്ന കാവല്‍ക്കാരന്‍. എപ്പോഴും എന്തും സംഭവിച്ചേക്കാം. ദിവസങ്ങള്‍ക്കു മുന്‍പ് അപ്പുറത്ത് താന്‍ ഒളിപ്പിച്ചുവച്ച ഇരുമ്പുവടിയില്‍ ധനപാലനൊന്നു ശ്രദ്ധിച്ചു.
അതിനിടെ അരികിലെന്തോ പിന്നെയും വന്നു വീണു. സൂക്ഷിച്ചു നോക്കിയിട്ടും ഒന്നും കണ്ടില്ല. ഇത്തവണ ധനപാലന്റെ ഭയം ചുരം കയറി. ഉണ്ട്, പരിസരത്തെങ്ങോ ആരോ ഒളിഞ്ഞു നില്‍പ്പുണ്ട്. ഒരുപക്ഷേ ഒന്നിലേറെ പേര്‍. തന്നെ പേടിപ്പിച്ച് അകറ്റിയോ, കീഴ്‌പ്പെടുത്തിയോ എ.ടി.എം കവര്‍ച്ച തന്നെയായിരിക്കും ലക്ഷ്യം. ധനപാലന്‍ ഇരുമ്പുദണ്ഡ് കൈയിലെടുത്തു. വിസില്‍ പലവട്ടം മുഴക്കി എ.ടി.എമ്മിനു മുന്നിലൂടെ എന്തിനെന്നറിയാതെ ഭീതിയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ഈ നേരമത്രയും എന്നല്ല, മണിക്കൂറുകള്‍ തന്നെയായി ധനപാലന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ദൂരെ വഴിയോരത്ത് ഒരു മരത്തിന്റെ മറവില്‍ ഒളിഞ്ഞുനിന്നുകൊണ്ട് ഒറ്റയ്ക്ക് വന്ന എ.ടി.എം കവര്‍ച്ചക്കാരന്‍. കാവല്‍ക്കാരന്റെ സൂക്ഷ്മതയും ധൈര്യവും വിലയിരുത്താനായി ഒന്നുരണ്ടുവട്ടം ശ്രമിച്ചു കഴിഞ്ഞു. വേണമെങ്കില്‍ അയാള്‍ക്ക് ഇനിയും കാത്തിരിക്കാം. ധനപാലന്‍ തന്റെ ഇരിപ്പിടത്തിലിരുന്ന് ഉറക്കം തുടങ്ങിയാല്‍ പിറകിലൂടെ പതുങ്ങിച്ചെന്നു തലയ്ക്ക് ഊക്കന്‍ അടി നല്‍കി ആളെ എന്നേയ്ക്കുമായി നിശബ്ദനാക്കി കവര്‍ച്ച പൂര്‍ത്തീകരിക്കാം. ഇവിടെ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഉടനെയൊന്നും ആരും ഒന്നും അറിയാന്‍ പോകുന്നില്ല. അത്ര വിജനമാണു ചുരമിറങ്ങുന്നിടത്തെ എ.ടി.എമ്മും പരിസരവും. ഒരുപക്ഷേ എന്തൊക്കെയോ നൂറായിരം വേവലാതികള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒരു പാവം കാവല്‍ക്കാരനെ കൊന്നിട്ടു തനിക്കെന്തു കിട്ടാന്‍!
പക്ഷേ ഇപ്പോള്‍ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ധനപാലന്‍ വിസിലു മുഴക്കിക്കൊണ്ടു നിരവധി തവണ റോഡിലൂടെ നടന്ന് ഒടുവില്‍ കാവലിടത്തുനിന്നു മറഞ്ഞിരിക്കുകയാണ്. കള്ളന്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ടു. കാവല്‍ക്കാരനു പ്രാണഭയമുണ്ട്. അയാള്‍ പേടിച്ചു മാറിയിരിക്കുന്നു. പരിസരങ്ങള്‍ വിജനം. നിലാവു മങ്ങിയിരിക്കുന്നു. എ.ടി.എം പ്രലോഭിപ്പിച്ചു വിളിക്കുന്നു.
അയാള്‍, കവര്‍ച്ചക്കാരന്‍ പിന്നെയും സമയം കളയാതെ എ.ടി.എം കൗണ്ടറിനു മുന്‍പിലെത്തി. ആദ്യം സി.സി.ടി.വിയുടെ കഴുത്തിനു പിടിക്കണം. പിന്നെ ഘട്ടംഘട്ടമായി നടപടികള്‍ പൂര്‍ത്തിയാക്കി കവര്‍ച്ച മുഴുമിച്ചു വഴിയോരത്തു കാട്ടുപൊന്തയ്ക്കിടയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ജീപ്പില്‍ രക്ഷപ്പെടണം.
അയാളുടെ ചലനങ്ങള്‍ നിരീക്ഷിക്കേ ധനപാലനു പക്ഷേ ചിരിവന്നു. ഇയാള്‍ വെറുമൊരു സാദാ കള്ളന്‍. ഹൈടെക് മോഷണ കലകളൊന്നും അറിയില്ലേ ഇയാള്‍ക്ക്? എന്തെന്നറിയില്ല, അപ്പോള്‍ ആവശ്യത്തിലേറെ ധൈര്യമുണ്ടായിരുന്നു ധനപാലന്. താന്‍ പണത്തിനരികെയല്ലല്ലോ, പിന്നെ എന്തിനു ഭീതിപ്പെടണം എന്ന ധൈര്യം. ശേഷം ധനപാലന്‍ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ വലിയ കല്ലുകള്‍ കവര്‍ച്ചക്കാരനു നേരെ, ഇതു രസകരമായ കള്ളനും പൊലിസും കളി തന്നെ എന്നു വിചാരിച്ചുകൊണ്ട് ഉന്നംവച്ചുതുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."