കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളിലെ നിയമന അഴിമതി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളിലെ നിയമനങ്ങളിലെ അഴിമതിക്കെതിരേ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ആരോപണവിധേയരായ ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമാര്ക്കെതിരേയാണ് രൂക്ഷമായ വിമര്‍ശനവുമായി ബത്തേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
ബാങ്കിലെ നിയമനങ്ങളില്‍ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ബാങ്ക് പ്രസിഡന്റുമാരോട് മറുപടി ആവശ്യപ്പെട്ട് കെ.പി.സി.സി കത്ത് നല്‍കിയിരുന്നു. ഇതിനെ എതിര്‍ത്ത് ബത്തേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.പി.സി.സിക്കെതിരേ രംഗത്തെത്തിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അഴിമതിയാരോപണ വിധേയരായ രണ്ട് പ്രസിഡന്റുമാരേയും തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും നിയമനവുമായി ബന്ധപ്പെട്ട് അഴിമതി തെളിഞ്ഞാല്‍ ഇവരെ തെരുവില്‍ നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. സംഭവത്തില്‍ നടപടിയുണ്ടായില്ലങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം ഭാരവാഹികളായ വൈ. രഞ്ജിത്ത്, സഫീര്‍ പഴേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."